ഇരിട്ടി പാലംനിർമ്മാണം- പൈലിങ്ങിനും മറ്റുമായി പുഴയിലേക്ക് മണ്ണിട്ട്‌ നിർമ്മിച്ച റോഡും അനുബന്ധ പ്രവർത്തികളും ഒഴുകിപ്പോയി

ഇരിട്ടി : പുതിയ പാലത്തിനായി പുഴയിൽ നിർമ്മിക്കേണ്ട തൂണുകളുടെ പൈലിങ്ങിനും മറ്റുമായി പുഴയിലേക്ക് മണ്ണിട്ട് നിർമ്മിച്ച റോഡും അനുബന്ധ പ്രവർത്തികളും ഇരിട്ടി പുഴയിലെ കുത്തൊഴുക്കിൽ ഒഴുകിപ്പോയി. പുഴയിൽ പൈലിംഗ് സുഗമമാക്കാനായി കൊണ്ടുതള്ളിയ ആയിരത്തിലേറെ ലോഡ് മണ്ണാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്ത മഴയിൽ പുഴയിലുണ്ടായ കുത്തൊഴുക്കിൽ ഒഴുകിപ്പോയത്. എന്നാൽ ഇത് പൂർണ്ണമായും പൂർത്തിയായിക്കഴിഞ്ഞ പൈലിംഗ് പ്രവർത്തികൾക്കോ പാലം നിർമ്മാണ പ്രവർത്തികൾക്കോ അപകടമോ തടസ്സമോ ഉണ്ടാക്കുകയില്ലെന്ന് കെ എസ് ടി പി അധികൃതർ പറഞ്ഞു. അതേസമയം ദീര്ഘവീക്ഷണമില്ലാത്ത നിർമ്മാണ പ്രവർത്തിയാണ് ഇതിന് പ്രധാന കാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

മൂന്നു വര്ഷം മുൻപാണ് ലോകബാങ്ക് സഹായത്തോടെ കെ എസ് ടി പി തലശ്ശേരി – വളവുപാറ റോഡ് പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി ഇരിട്ടി പാലത്തിന്റെ നിർമ്മാണ പ്രവർത്തിയും ആരംഭിച്ചത്. ആദ്യ വർഷം തന്നെ കാലവർഷത്തിൽ പുഴയിലുണ്ടായ കുത്തൊഴുക്കിൽ ഇതുപോലെ മണ്ണിട്ട് നിർമ്മിച്ച റോഡും പൈലിങ് പ്രവർത്തികളും ഒഴുകിപ്പോയിരുന്നു. രണ്ടാം വർഷവും ഇതാവർത്തിച്ചതോടെ പ്രശസ്തരായ നാലോളം പാലം നിർമ്മാണ വിദഗ്ദർ സ്ഥലത്തെത്തുകയും അവരുടെ നിർദ്ദേശപ്രകാരം പൈലിംഗ് പ്രവർത്തികൾ പൂർത്തിയാക്കുകയും ചെയ്തു. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് പൈലിംഗ് പ്രവർത്തികൾ പൂർത്തിയാക്കുകയും മൂന്നു ഘട്ടമാക്കി തീർക്കേണ്ട പാലത്തിന്റെ മേൽത്തട്ട് വാർപ്പിന്റെ ആദ്യ ഘട്ട വാർപ്പ് അടുത്ത ദിവസം നടക്കും. 48 മീറ്റർ നീളമുള്ള ഈ സ്‌പാനിന്റെ കമ്പികൾ വിന്യസിക്കുന്ന പ്രവർത്തികൾ ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു.

റോഡ് പുനർനിർമ്മാണ പദ്ധതിയിലെ ഏഴു പാലങ്ങളിൽ ഏറ്റവും വലുതാണ് ഇരിട്ടി പാലം. പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗം കൂടിയാണ് ഈ പുഴ. 144 മീറ്റർ നീളത്തിലും , 12 മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാലത്തിന്റെ ഉയരം 23 മീറ്ററാണ്.

ഇരിട്ടി എന്ന സ്ഥലനാമത്തിന് കാരണമെന്ന് പറയപ്പെടുന്ന ഇരട്ടക്കടവിൽ (പഴയപാലം റോഡ് ചേരുന്ന പുഴക്കടവ് ) ആദ്യം ബ്രിട്ടീഷുകാർ നിർമ്മിച്ച പാലം 1928 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നതിനെത്തുടർന്നാണ് 1933 ൽ ബ്രിട്ടീഷ് ഗവർമ്മെണ്ട് ഇന്നത്തെ ഇരിട്ടി പാലം ഉണ്ടാക്കിയത്. 85 വയസുകഴിഞ്ഞ ഈ പാലം ഇന്നും കാലത്തെ അതിജീവിച്ചു നിൽക്കുന്നു എന്നത് തന്നെ അത്ഭുതമാണ്. ഇതേ പുഴയായിരുന്നു അന്നും . ഇതിനേക്കാൾ ശക്തമായിരുന്നു അന്നത്തെ കാലവർഷവും. നിരവധി പ്രളയങ്ങൾ കണ്ട പാലം ഇത്രയും കാലം ഇത്രയും വെള്ളം പുഴയിലൂടെ ഒഴുകിപ്പോയിട്ടും അന്ന് നിർമ്മിച്ച കരിങ്കൽ തൂണുകളിലെ ഒരു കല്ല് പോലും ഇളകിയിട്ടില്ല എന്നതും ചിന്തനീയമാണ്. മണ്ണുമാന്തി യന്ത്രങ്ങളോ ആധുനിക സംവിധാനങ്ങളോ ഒന്ന് മില്ലാതെ നിർമ്മിച്ച പാലം തൊണ്ണൂറാണ്ടിനോട് അടുക്കുമ്പോഴാണ് നമ്മൾ മറ്റൊരു പാലം നിർമ്മിക്കാനായി മൂന്നു വർഷമായി പുഴയിൽ മണ്ണിട്ടുകൊണ്ടിരിക്കുന്നത് . പാലം നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളാണ് നിത്യവും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. പാലം പാലാരിവട്ടമാകരുതെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: