ക്യൂ നിൽക്കേണ്ട; ലോകത്തെ അപൂർവം വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംനേടാനൊരുങ്ങി കണ്ണൂർ

കണ്ണൂർ ∙ വരി നിൽക്കേണ്ടതില്ലാത്ത, ലോകത്തെ അപൂർവം വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംനേടാനൊരുങ്ങി കണ്ണൂർ. സെൽഫ് ചെക്ക് ഇൻ യന്ത്രത്തിൽനിന്നു ബോർഡിങ് പാസ് കൈപ്പറ്റിയശേഷം ടാഗ് പതിച്ച് ബാഗ് ഇൻലൈൻ എക്സ്റേ സംവിധാനത്തിൽ യാത്രക്കാർക്കു നിക്ഷേപിക്കാം. ബാഗും തൂക്കി കൗണ്ടറുകൾതോറും നടക്കുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. ഹാൻഡ് ബാഗുണ്ടെങ്കിൽ അതുമാത്രം കയ്യിൽക്കരുതി കസ്റ്റംസ്, സിഐഎസ്എഫ് തുടങ്ങിയ പരിശോധനകൾ പൂർത്തിയാക്കാം. ഹാൻഡ് ബാഗ് പരിശോധിക്കാൻ ഒട്ടേറെ എക്സ്റേ കൗണ്ടറുകൾ ഒരുക്കുന്നുണ്ട്. യാത്രക്കാരൻ പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിന് അകത്ത് എത്തുമ്പോഴേക്കും ബാഗേജും പരിശോധനകളെല്ലാം കഴിഞ്ഞ് അവിടെയെത്തിയിരിക്കും. സംശയാസ്പദമായി എന്തെങ്കിലും കണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ വിളിപ്പിക്കുകയുള്ളൂ.യാത്രക്കാർക്കു സ്വയം ചെക്ക്ഇൻ ചെയ്യാവുന്ന സൗകര്യവും ഇൻലൈൻ എക്സ്റേ സംവിധാനവും സെൽഫ് ബാഗേജ് ഡ്രോപ് മെഷീനും സജ്ജമാവുന്നതോടെ ബാഗുമായി വരി നിന്നു വലയാതെ വിമാനത്തിൽ കയറാനാകും. അത്യാധുനിക വിമാനത്താവളങ്ങളിൽ മാത്രമുള്ള ഇൻലൈൻ എക്സ്റേ സംവിധാനം അമേരിക്കയിൽ നിന്നാണു കണ്ണൂരിലെത്തിച്ചത്.ബാഗേജിന്റെ ഭാരം സെൽഫ് ബാഗേജ് ഡ്രോപ് യന്ത്രം തന്നെ കണക്കാക്കുകയും ഭാരം അധികമാണെങ്കിൽ അക്കാര്യം യാത്രക്കാരനെ അറിയിക്കുകയും ചെയ്യും. കൂടുതലുള്ള തൂക്കത്തിന് അനുസരിച്ചുള്ള തുക ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി യന്ത്രത്തിൽത്തന്നെ അടയ്ക്കാനാകും. അതത് എയർലൈൻ കമ്പനിയുടെ കൗണ്ടറുകളിലും പണം അടയ്ക്കാൻ സൗകര്യമുണ്ടാവും.വിവിധ സുരക്ഷാ പരിശോധനകൾക്കായി മണിക്കൂറുകൾക്കു മുൻപേ വിമാനത്താവളത്തിലെത്തേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.‌ ആധുനിക സംവിധാനങ്ങൾ വരുന്നതോടെ ദേഹപരിശോധനയ്ക്കും കയ്യിൽ കരുതുന്ന ബാഗിന്റെ പരിശോധനയ്ക്കും മാത്രമാവും ക്യൂ നിൽക്കേണ്ടി വരിക. ലോകത്തെ അത്യാധുനിക വിമാനത്താവളങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ സൗകര്യങ്ങളെല്ലാമുള്ളത്. ഇന്റഗ്രേറ്റഡ് ടെർമിനലാണ് കണ്ണൂരിൽ സജ്ജമാക്കുന്നത് എന്നതുകൊണ്ടുതന്നെ തിരക്കിന് അനുസരിച്ച് കൗണ്ടറുകൾ സജ്ജീകരിക്കാൻ കഴിയും. സ്വിങ് സംവിധാനം എന്നറിയപ്പെടുന്ന ഈ സൗകര്യവും യാത്രക്കാരുടെ കാത്തുനിൽപ്പിന്റെ സമയം പരമാവധി കുറയ്ക്കാൻ സഹായിക്കും.

%d bloggers like this: