ടി.പി വധം: സിപിഎമ്മിനെതിരെ ആരോപണ ശരവുമായി കണ്ണൂര്‍ എം.പി കെ. സുധാകരന്‍

‘സിപിഎമ്മിനകത്ത് ഇന്നും ടിപിയുടെ കൊലപാതകത്തില്‍ അമര്‍ഷമുള്ള നിരവധി കുടുംബങ്ങളുണ്ട്; കൊലയ്ക്ക് പിന്നിലെ കിങ്‌മേക്കര്‍ പി. ജയരാജനാണെന്ന് ആ കുടുംബങ്ങള്‍ക്കറിയാം’; ടിപി വധവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കില്‍ കുടുങ്ങുന്നത് പിണറായിയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍; ശാസന ലഭിച്ചതിന് പിന്നാലെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് പറഞ്ഞ് പേന വലിച്ചെറിഞ്ഞുവെന്നും ആരോപണം.

കണ്ണൂര്‍: കേരളത്തില്‍ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ചയൊന്നായിരുന്നു ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്. രാഷ്ട്രീയ രംഗത്ത് പ്രത്യേകിച്ച്‌ സിപിഎമ്മിനുള്ളില്‍ ഏറെ വിവാദച്ചൂടയര്‍ത്തിയ ഒന്നായിരുന്നു ടി.പി വധം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാനത്ത് കനത്ത് തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്ന വേളയിലാണ് വധക്കേസ് ഉദ്ധരിച്ച്‌ സിപിഎമ്മിനെതിരെ ആരോപണ ശരവുമായി കണ്ണൂര്‍ എംപി കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.
ടിപി വധത്തിന് പിന്നില്‍ സിപിഎം നേതാവ് പി. ജയരാജനാണെന്ന് വടകരയിലെ എല്ലാവര്‍ക്കും അറിയാമെന്നും ചന്ദ്ര ശേഖരന്റെ വധത്തില്‍ അമര്‍ഷമുള്ള ഒട്ടേറെ പേര്‍ സിപിഎമ്മിനകത്ത് ഇപ്പോഴുമുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

24 ന്യൂസ് ചാനലിന്റെ വാര്‍ത്താ വ്യക്തി എന്ന പരിപാടിക്കിടെയാണ് സിപിഎമ്മിനും ജയരാജനുമെതിരെ സുധാകരന്‍ ആഞ്ഞടിച്ചത്. സുധാകരന്റെ വാക്കുകളിങ്ങനെ: സിപിഎമ്മിനകത്ത് ഇന്നും ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ അമര്‍ഷമുള്ള നിരവധി കുടുംബങ്ങളുണ്ട്. കൊലപാതകത്തിന് പിന്നിലെ കിങ് മേക്കര്‍ ജയരാജനാണെന്ന് ആ കുടുംബങ്ങള്‍ക്കൊക്കെയറിയാം. അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കില്‍ കുടുങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
24 ന്റെ വാര്‍ത്തവ്യക്തിയിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. കേസിന്റെ തെളിവൊക്കെ പാതിവഴിക്ക് നഷ്ടമായി. തുടങ്ങിയ പോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ പല പ്രമുഖ നേതാക്കളും കുടുങ്ങുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിരുന്നു. അത് താന്‍ നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു. അന്വേഷണത്തില്‍ പല ഇടപെടലുകള്‍ നടന്നിട്ടുണ്ട്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി താന്‍ സംസാരിച്ചിട്ടുണ്ട്.
അതില്‍ ഒരു ഡിവൈഎസ്‌പിക്ക് കേസന്വേഷണം ഇവിടെവെച്ച്‌ നിര്‍ത്തണമെന്ന് ശാസന ലഭിച്ചിരുന്നു. ശാസിച്ചത് ആരാണെന്ന് അറിയില്ല. അന്ന് അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹം നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുകകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
രക്തത്തിന്റെ മണമുള്ള 2012 മാര്‍ച്ച്‌ നാല്
2012 മാര്‍ച്ച്‌ നാല്. രാത്രി പത്തുമണിക്കാണ് വടകരയ്ക്കടുത്ത് വള്ളിക്കോട് വച്ച്‌ അജ്ഞാത സംഘം ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. ബൈക്കില്‍ സഞ്ചരിച്ച ചന്ദ്രശേഖരനെ കാറിടിച്ച്‌ വീഴ്‌ത്തിയ ശേഷം ബോബെറിഞ്ഞും 51 വെട്ട് വെട്ടിയും നിര്‍ജ്ജീവമാക്കി.പ്രത്യയശാസ്ത്ര വ്യതിയാനങ്ങളുടെ പേരില്‍ 2009 ല്‍ സിപിഎം വിട്ട ടിപിയെ ആശയങ്ങള്‍ കൊണ്ട് നേരിടാനായിരുന്നില്ല എതിരാളികള്‍ക്ക് ഇഷ്ടം. അവര്‍ അക്രമത്തിന്റെ പാതയാണ് സ്വീകരിച്ചത്.ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മില്‍ നിന്ന് ആര്‍എംപി പിടിച്ചെടുത്തതോടെ ടിപിയുടെ നാളുകള്‍ എണ്ണപ്പെട്ടു. ഗൂഢാലോചനയുടെ വേരുകള്‍ ആഴ്ന്നിറങ്ങി. എങ്ങനെയും ഈ മാര്‍ഗ്ഗം മുടക്കിയെ നീക്കം ചെയ്യാന്‍!
ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് വിമതപ്രവര്‍ത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതര്‍ ടിപിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.
മേഖലയില്‍ അടിക്കടിയുണ്ടായ ആര്‍എംപി-സിപിഎം സംഘര്‍ഷങ്ങള്‍ കൂടിയായതോടെ ചന്ദ്രശേഖരനോടും ആര്‍എംപിയോടുമുള്ള സിപിഎം വൈര്യം വര്‍ധിച്ചു. ഇത്തരമൊരു സംഘര്‍ഷത്തിനിടെ പാര്‍ട്ടി നേതാവ് പി.മോഹനന് മര്‍ദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് എത്തി. ആ തീരുമാനം ക്വട്ടേഷന്‍ സംഘം നടപ്പാക്കുകയും ചെയ്തു. കേസിന്റെ ഗൗരവം മനസ്സിലാക്കിയ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.എഡിജിപി വിന്‍സന്റ്.എം. പോളായിരുന്നു കേസന്വേഷണത്തിന്റെ തലവന്‍.എഐജി അനൂപ് കുരുവിള ജോണ്‍, ക്രെംബ്രാഞ്ച് ഡിവൈഎസ്‌പി സന്തോഷ്.കെ.വി, തലശേരി ഡിവൈഎസ്‌പി ഷൗക്കത്തലി, വടകര ഡിവൈഎസ്‌പി, ജോസി ചെറിയാന്‍, കുറ്റ്യാടി സിഐ പി.വി. ബെന്നി എന്നിവരെ ഉ്രള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചു.

കൊലയാളി സംഘത്തില്‍ ആദ്യം പിടികൂടിയത് അണ്ണന്‍ സുജിത്തിനെ. ഡിവൈഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൊസൂരില്‍ നിന്ന് സുജിത്തിനെ അറസ്റ്റ് ചെയ്തതിനെ പിന്നാലെ, ടി.കെ.രജീഷും പിടിയിലായി. ടി.കെ. രജീഷ് മുംബൈയില്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് സംഘം അവിടെയെത്തിയപ്പോള്‍ രജീഷ് അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. വിവിധ പൊലീസ് സംഘാംഗങ്ങള്‍, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിലേക്കു പോയി. അവസാനം മഹരാഷ്ട്ര ഗോവ അതിര്‍ത്തിലെ ഒരു ഗ്രാമത്തിലെ ബേക്കറില്‍ നിന്നും പൊലീസ് സംഘം രജീഷിനെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എം.സി. അനൂപ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായി.
എന്നാല്‍, കൊടിസുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നീ പ്രതികളെ സാഹസികമായി മുടക്കോഴി മലയില്‍ നിന്ന് പിടികൂടിയത് പൊലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറി.ടി പി വധക്കേസ് പ്രതികളെ നിശ്ശബ്ദമായ ഓപ്പറേഷനിലൂടെ പിടികൂടിയതോടെയാണ് ഷൗക്കത്തലി എന്ന സമര്‍ത്ഥനായ പൊലീസ് ഉദ്യോഗസ്ഥനെ കേരളം മനസിലാക്കുന്നത്. അതോടെ ഷൗക്കത്തലി രാഷ്ട്രീയക്കാരുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ ശത്രുവാകുകയും ചെയ്തു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരിക്കാനാണ് കേരള പൊലീസിലെ സീനിയര്‍ ഡിവൈഎസ്‌പിയായിരിക്കെ എന്‍ഐഎയില്‍ അഡീഷണല്‍ സൂപ്രണ്ടായി ചേക്കേറിയത്. പിന്നീട് സംസ്ഥാന പൊലീസ് എസ്‌പിയായി പ്രമോഷന്‍ നല്‍കിയതോടെ എന്‍ഐഎയിലും എസ്‌പിയായി.
കനകമലയിലെ ഐഎസ് ബന്ധം വെളിച്ചത്തുകൊണ്ടുവന്നതും അറസ്റ്റിലേക്ക് നയിച്ചതും ഷൗക്കത്തലിയുടെ എന്‍ഐഎയിലെ സുപ്രധാന നേട്ടമായി എണ്ണാം. 1995ലെ എസ്‌ഐ ബാച്ചില്‍ ഒന്നാം റാങ്കുകാരനായിരുന്നു ഷൗക്കത്തലി. ടി പി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് ഇദ്ദേഹം എന്‍ഐഎയില്‍ എത്തിയത്. 2012 ജൂലൈ 14നാണ് മുടക്കോഴി മലയില്‍ വച്ച്‌ ടിപി വധക്കേസിലെ കൊലയാളി സംഘത്തെ ഇദ്ദേഹം കുരുക്കിയത്. കൊടി സുനിയെയും സംഘത്തെയും മലയില്‍ വച്ച്‌ അതിസാഹസികമായാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.

കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച ലംബു പ്രദീപിനെ കുടുക്കിയത്, ടി കെ രജീഷിനെ തേടി മുംബൈയിലേക്ക് യാത്ര ചെയ്തത്, പി മോഹനനെ അറസ്റ്റ് ചെയ്തത് എല്ലാം ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. ഇതില്‍ പി മോഹനന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. മോഹനനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സിപിഎം നേതാവ് എംവി ജയരാജന്‍ ഷൗക്കത്തലിയെ ഓഫീസിലെത്തി അസഭ്യം പറഞ്ഞതെല്ലാം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: