ദുബായ് ബസ് അപകടം : മരിച്ചവരില്‍ 6 മലയാളികളും

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചു കയറി മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഒമാനില്‍നിന്നു ദുബായിലേക്കു വന്ന യാത്രാ ബസാണ് അപകടത്തില്‍പ്പെട്ടതെന്നു ദുബായ് പൊലീസ് അറിയിച്ചു. മരിച്ചവരില്‍ ആറു മലയാളികളടക്കം 10 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തലശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, വാസുദേവ്, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു. ബസ് പൂര്‍ണമായി തകര്‍ന്നു. പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണു ബസിലുണ്ടായിരുന്നതില്‍ ഏറെയുമെന്നു പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്കത്തില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: