കൊട്ടിയൂർ മഹോത്സവം: ഇന്ന് ഇളനീരഭിഷേകം

കൊട്ടിയൂര്‍: കൊട്ടിയൂര്‍ പെരുമാളിന്റെ സ്വയംഭൂവില്‍ ഇളനീരഭിഷേകം. രാത്രി ദൈവം വരവിന് ശേഷം പാലോന്നം നമ്പൂതിരി രാശി വിളിക്കുന്നതോടെയാണ്

ഇളനീരാട്ടം തുടങ്ങുന്നത്. പാലോന്നം നമ്പൂതിരി മൂന്ന് ഇളനീരുകള്‍ കൊത്തി ഉഷകാമ്പ്രം നമ്പൂതിരിയെ ഏല്പിക്കും. മന്ത്രജപത്തോടെ ഈ ഇളനീരുകള്‍ സ്വയംഭൂവില്‍ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ഇളനീരാട്ടം. പരികര്‍മ്മികളായ ബ്രാഹ്മണര്‍ കൊത്തിയ ഇളനീര്‍ വെളളിപ്പാത്രത്തിലേക്കും പിന്നീട് സ്വര്‍ണ്ണക്കുടത്തിലേക്കും ഒഴിക്കുന്നു. സ്വര്‍ണ്ണകുടത്തില്‍ നിന്നാണ് ആദ്യം അഭിഷേകം ചെയ്യുക. പിന്നീട് ഓരോ ഇളനീരുകളും കൊത്തി അഭിഷേകം ചെയ്യുന്നു.ഇളനീര്‍വെപ്പ് ചൊവ്വാഴ്ച രാത്രിയിലാണ് നടന്നത്. കാങ്കോല്‍ പൊതുവാള്‍ തറവാട്ടിലെ മൂത്ത കാരണവരായ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തില്‍ കൈക്കോളന്മാര്‍ ഇന്നുച്ചയോടെ ഇളനീര്‍ കാവുകള്‍ നീക്കി ഇളനീരുകള്‍ ചെത്തി മുഖമണ്ഡപത്തില്‍ സമര്‍പ്പിച്ചു.ഇളനീരാട്ടത്തിന് മുന്നോടിയായി രാത്രി ദൈവത്തിന്റെ വരവ് എന്ന സവിശേഷ ചടങ്ങുണ്ട്. പുറങ്കലയന്‍ എന്ന സ്ഥാനികള്‍ മുത്തപ്പന്‍ ദൈവക്കോലം ധരിച്ച് എഴുന്നളളുന്ന ചടങ്ങാണിത്. രാത്രിയിലെ പാത്രം വിളിക്ക് ശേഷം പെരുവണ്ണാന്‍ കൊട്ടേരിക്കാവിലെത്തും. തുടര്‍ന്ന് പുറങ്കലയനും എത്തും. കൊട്ടേരിക്കാവില്‍ ഗൂഡ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. രാശിവിളിച്ച് കഴിഞ്ഞാല്‍ പെരുവണ്ണാന്‍ എഴുന്നേറ്റ് പുറങ്കലയനെ മുത്തപ്പന്റെ വേഷം അണിയിക്കുന്നു. ദൈവം പാലക്കീഴിലെത്തി ഒറ്റപ്പിലാനും അനുയായികളുമായി തിരുവഞ്ചിറയിലേക്കെത്തുന്നു. മണിത്തറയില്‍ കത്തിച്ച പന്തവുമായി പന്തക്കിടാങ്ങളുണ്ടാവും. പന്തവെളിച്ചത്തില്‍ നമ്പീശന്‍ ദൈവത്തിന് അരിചൊരിയുന്നു. ഈ സമയം വാളശ്ശന്മാര്‍ വാളറയില്‍ നിന്ന് ചപ്പാരം ഭഗവതിയുടെ വാള്‍ ഉയര്‍ത്തിക്കാട്ടുന്നു. ദൈവം തൊഴുത് പിന്മാറുന്നു. തുടര്‍ന്ന് ഓലച്ചൂട്ടുമായി ദൈവത്തിന്റെ അകമ്പടിക്കാരും ഒറ്റപ്പിലാന്‍ സംഘവും കോവിലകം കൈയ്യാല കയ്യേറുന്നു. കയ്യാലയിലെ കണ്ണില്‍ കണ്ടതെല്ലാം എടുത്തുകൊണ്ടു പോകുന്നു. തുടര്‍ന്നാണ് ഇളനീരാട്ട ചടങ്ങുകള്‍ തുടങ്ങുന്നത്.ഇളനീര്‍ അഭിഷേകം രാവിലെ വരെ നീണ്ടുനില്ക്കും. ഇളനീര്‍ തൊണ്ടുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്കുന്നു. ഇളനീര്‍ അഭിഷേകം കാരണം വൈകുന്ന നിത്യ പൂജകള്‍ വൈകുന്നേരം ആയിരം കുടം അഭിഷേകത്തോടെ തുടങ്ങും….

error: Content is protected !!
%d bloggers like this: