സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളില്ല; കീഴാറ്റൂരില്‍ സ്വകാര്യ സ്‌കൂള്‍ബസ് നാട്ടുകാര്‍ തടഞ്ഞു

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍

പഠിക്കാന്‍ എത്താത്ത കാരണത്താല്‍ നാട്ടുകാരുടെ നേതൃത്വത്തി സ്വകാര്യ സ്‌കൂള്‍ ബസുകള്‍ തടഞ്ഞു. കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞതിന്റെ പേരിലാണ് മറ്റ് സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളുമായി പോയ സ്‌കൂള്‍ ബസുകള്‍ സമരസമിതി തടഞ്ഞത്. സ്‌കൂള്‍ ബസുകള്‍ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് പൊലീസെത്തിയാണ് വാഹനങ്ങളെ വിട്ടയച്ചത്.

മൂന്നു ദിവസമായി ഇതുവഴി കടന്നു പോകുന്ന മറ്റു സ്കൂളുകളുടെ ബസുകൾ ഇവർ തടഞ്ഞതിനെ തുടർന്ന് ഇതിൽ പോകേണ്ട കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തിറങ്ങിയതോടെയാണ് കീഴാറ്റൂരിൽ വയൽക്കിളി സമരത്തിനു ശേഷം വീണ്ടും സംഘർഷാവസ്ഥയായത്. കീഴാറ്റൂർ ഗവ. എൽപി സ്കൂൾ പിടിഎയുടെ പേരിലാണ് ബസുകൾ തടയുന്നത് എന്നാണ് രക്ഷിതാക്കളുടെ ആരോപണം. രക്ഷിതാക്കളുടെ പരാതിയെ തുടർന്നു പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബസുകൾ തടയുന്നതിൽ നിന്നു പിൻമാറില്ലെന്നാണ് സമരക്കാർ പൊലീസിനോട് പറഞ്ഞത്.

രക്ഷിതാക്കൾക്കു വേണമെങ്കിൽ സ്വന്തം നിലയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാമെന്നും അല്ലാതെ സ്കൂൾ ബസുകൾ കീഴാറ്റൂരിൽ വന്നു കുട്ടികളെ കയറ്റാൻ അനുവദിക്കില്ലെന്നുമാണ് ഇവരുടെ വാദം.സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്കൂൾ ബസുകൾ തടയുന്നതെന്ന് ആരോപണമുണ്ട്. ഇവരുടെ നേതൃത്വത്തിൽ സ്കൂൾ ബസുകളുടെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ രക്ഷിതാക്കളും വിദ്യാർഥികളും ഭീതിയിലാണ്.

തങ്ങളുടെ കുട്ടികളെ എവിടെ പഠിപ്പിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു തന്നെയാണെന്നും ഇതിനെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. ഇതേ സമയം നൂറു വർഷം മുൻപ് സ്ഥാപിച്ച കീഴാറ്റൂർ ഗവ. എൽപി സ്കൂൾ നാട്ടുകാരുടെ നേതൃത്വത്തിൽ നവീകരിച്ച് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടും വിദ്യാർഥികളെ പുറത്തുള്ള സ്കൂളുകളിൽ ചേർക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സമരക്കാരുടെ നിലപാട്.

%d bloggers like this: