ഒരുമയോടെ ചാലയിലെ നാട്ടുകാർ; ടാങ്കർ ലോറിയിലെ വാതകം മാറ്റിയത് പുലർച്ചയോടെ അപകടമൊഴിവാക്കാൻ നാട്ടുകാർ ഇറങ്ങി ഉദ്യോഗസ്ഥർക്കൊപ്പം

കണ്ണൂർ ചാല ബൈപ്പാസ് ജങ്‌ഷനിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ടാങ്കർ മറിഞ്ഞ് വാതകച്ചോർച്ചയുണ്ടായ സ്ഥലത്ത് അപകടമൊഴിവാക്കാൻ അഗ്നിരക്ഷാസേനയുടെയും പോലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെയും ഒപ്പം നാട്ടുകാരുടെ ഇടപെടൽ അമ്പരപ്പിക്കുന്നതായിരുന്നു. ഒമ്പതുകൊല്ലം മുമ്പ് 20 പേരുടെ മരണത്തിനിടയാക്കിയ ടാങ്കർ ദുരന്തം ഇന്നും ഓർമയിൽ തെളിഞ്ഞുനിൽക്കുന്നതുകൊണ്ട് അപകടത്തിന്റെ വ്യാപ്തി പെട്ടെന്ന് അവർ തിരിച്ചറിഞ്ഞു.

നിമിഷം കളയാതെ കർമനിരതരായി. വൈദ്യുതി സെക്ഷൻ ഓഫീസിൽ വിളിച്ച് ചാല, കടമ്പൂർ, കാടാച്ചിറ ഫീഡറുകളിലെ വൈദ്യുതിബന്ധം വിച്ഛേദിപ്പിച്ചു. കൈയിൽ കിട്ടിയ ബോർഡും ബാനറും തൂണുകളും മറ്റും ഉപയോഗിച്ച ഗതാഗതം തടഞ്ഞു, പോലീസ് എത്തുംമുൻപേ. അപകടസ്ഥലത്തേക്ക് പോകുന്ന മാധ്യമപ്രവർത്തകരോടും നടന്നുപോകുന്നവരോടും മൊബൈൽഫോൺ ഓഫാക്കാൻ അഭ്യർഥിച്ചു. അഗ്നിരക്ഷസേനയുടെ പതിനായിരം ലിറ്റർ ശേഷിയുള്ള ഒരു വാട്ടർ ബൗസറും 4500 ലിറ്റർ ശേഷിയുള്ള എട്ട് എഞ്ചിനുകളും അടക്കം ഒമ്പത് വാഹനങ്ങൾ വന്നിരുന്നു. അവർ പൈപ്പുകളും മറ്റും ഘടിപ്പിച്ച് വെള്ളം ചീറ്റിത്തുടങ്ങും മുൻപേ ബക്കറ്റിലും ചെറിയ പാത്രങ്ങളിലുമായി നാട്ടുകാർ ടാങ്കർ പരിസരത്ത് വെള്ളം ഒഴിച്ചുതുടങ്ങിയിരുന്നു.

അഗ്നിരക്ഷാസേന എഞ്ചിനുകൾ പ്രവർത്തനസജ്ജമായതോടെ നാട്ടുകാർ ചോർച്ച തത്‌കാലം നിയന്ത്രിക്കാനുള്ള മണ്ണ് എത്തിക്കുന്നതിൽ കേന്ദ്രീകരിച്ചു. ചെരിഞ്ഞാണ് ടാങ്കർ കിടന്നിരുന്നത്. അതിന്റെ അരമീറ്ററോളം ഉയരത്തിലുള്ള സ്ഥലത്തുനിന്നാണ് വാതകം ചോർന്നുകൊണ്ടിരുന്നത്. അവിടം വരെ മണ്ണിട്ടുമൂടുന്നത് നന്നായിരിക്കുമെന്ന് വിദഗ്ധർ പറഞ്ഞതിനെത്തുടർന്നത് അതിനുള്ള ശ്രമമായി. തൊട്ടടുത്ത വീടുകളിലുണ്ടായിരുന്ന കുട്ടകളും കൈക്കോട്ടുമായി തൊട്ടടുത്തുള്ള പറമ്പിലേക്ക്. പറ്റാവുന്നത്ര മണ്ണ് അവർ ചുമന്നുകൊണ്ടുവന്നു. ഇതിനിടെ ചെറിയ ടിപ്പർ ലോറിയിൽ കീഴ്ത്തള്ളിയിൽനിന്ന് മണ്ണെത്തിച്ചു. ലോറി പക്ഷേ, ടാങ്കറിനടുത്ത് എത്തിക്കുന്നത് അപകടസാധ്യതകൂട്ടുമെന്ന് കണ്ട് മുപ്പത് മീറ്ററോളം അകലെ ഓഫാക്കി. അവിടന്ന് തള്ളി ടാങ്കറിനടുത്ത് എത്തിച്ചു. മറിഞ്ഞുകിടക്കുന്ന ടാങ്കറിന്റെ ചക്രത്തിൽ കയറിനിന്ന് സാഹസപ്പെട്ടാണ് ഏതാനും പേർ മണ്ണ് നിറച്ചത്. ഇതിനിടെ മഴക്കോള് വന്നതും ചെറിയ തോതിൽ ഇടിമുഴങ്ങിത്തുടങ്ങിയതും ആശങ്ക പടർത്തി. പക്ഷേ, ചെറിയതോതിൽ ചാറി മഴ ഒഴിഞ്ഞുപോയി.

കണ്ണൂർ, തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഇടതടവില്ലാതെ കർമരംഗത്തായിരുന്നു. എഞ്ചിനുകളിലെ വെള്ളം തീരുന്നത് കണ്ട് കൂടുതൽ വാഹനങ്ങൾ എത്തിക്കേണ്ടിവന്നു. ഇതിനിടെ അടുത്തുള്ള മൂന്ന്‌ കിണറുകളിൽനിന്ന് വെള്ളം എടുക്കാനുള്ള സംവിധാനമുണ്ടാക്കിയത് അവർക്ക് സൗകര്യമായി. റീജണൽ ഫയർ ഓഫീസർ കെ. രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ ബി. രാജ്, കണ്ണൂർ സ്റ്റേഷൻ ഓഫീസർ കെ.വി. ലക്ഷ്മണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാസേന രംഗത്തറിങ്ങിയത്.

ഇവർ പരിശീലനം നൽകിയ സിവിൽ ഡിഫൻസ് സേനയിലെ അംഗങ്ങളും ഉണ്ടായിരുന്നു. മേയർ അഡ്വ. ടി.ഒ. മോഹൻ, സ്റ്റാന്റിങ്‌ കമ്മറ്റി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സെക്രട്ടേറിയറ്റംഗം എൻ. ചന്ദ്രൻ, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോവിനുപുറമെ അസി. സൂപ്രണ്ട് ഹരിശ്ചന്ദ്ര നായ്‌ക്, അസി. കമ്മിഷണർ ബാലകൃഷ്ണൻ നായർ, റവന്യൂ ഡിവിഷണൽ ഓഫീസർ രമേന്ദ്രൻ തുടങ്ങിയവരും സ്ഥലത്തുണ്ടായി.

മറിഞ്ഞ ടാങ്കറിലെ വാതകം മാറ്റിത്തീർന്നത് പുലർച്ചെ

ചാല∙ ബൈപാസ് ജംക്‌ഷനിൽ മറിഞ്ഞ പാചക വാതക ടാങ്കറിൽ നിന്നുള്ള വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന പ്രവൃത്തി പുലർച്ചെ വരെ നീണ്ടു. മലപ്പുറം ചേളാരി ഐഒസി പ്ലാന്റിൽ നിന്നെത്തിയ വിദഗ്ധ സംഘമാണ് വാതകം മാറ്റുന്ന ജോലി നടത്തിയത്. ടാങ്കറിന്റെ ഒരു അറയിലെ വാതകം രാത്രി ഒൻപതോടെ മറ്റൊരു ടാങ്കറിലേക്ക് മാറ്റിയിരുന്നു. വാതകം മുഴുവനായും മാറ്റുന്നതിന് അഞ്ച് ഒഴിഞ്ഞ ടാങ്കറുകൾ എത്തിച്ചിരുന്നു.

അവശേഷിക്കുന്ന മറ്റു രണ്ട് അറകളിലെയും മുഴുവൻ വാതകവും മാറ്റുന്ന പ്രവൃത്തി ഏറെ നീണ്ടു. വാതകം മാറ്റുന്നതിനിടയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് ചാലയിലും പരിസര പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് പൊലീസും അഗ്നിശമന സേനയും ഏർപ്പെടുത്തിയത്. അഗ്നിശമന സേനയുടെ ഒന്നിൽ കൂടുതൽ യൂണിറ്റുകൾ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.

ചാലയിലേക്കുള്ള വിവിധ റോഡുകൾ അടച്ച് ഗതാഗതവും നിരോധിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിച്ചിരുന്നു. അതിനിടെ തോട്ടട, ആറ്റടപ്പ, പനോന്നേരി എന്നിവിടങ്ങളിലെ സ്കൂളികളിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ രാത്രി എട്ടോടെ തിരിച്ചെത്തിയെങ്കിലും ആരും വീട്ടിൽ നിന്നു പുറത്തിറങ്ങിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകി. ബന്ധു വീടുകളിലേക്ക് പോയവർ അവിടെ തന്നെ തങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: