അഗ്നിരക്ഷാസേന തുണച്ചു, നിവേദ്യയുടെ കാത്തിരിപ്പിന് വിരാമം

ഒന്നരവര്‍ഷത്തിന് ശേഷം വിദേശത്ത് നിന്ന്  നാട്ടിലെത്തിയിട്ടും നിവേദ്യ അച്ഛനെ കാണാന്‍ കാത്തിരുന്നത് രണ്ട് മാസത്തോളം.  കോഴിക്കോട് വിമാനത്താവളത്തില്‍ അച്ഛനെ സ്വീകരിക്കാന്‍ പോയ  അമ്മയും ലോക് ഡൗണില്‍ കുടുങ്ങി. തനിക്കായി അച്ഛന്‍ കൊണ്ടു വന്ന പുത്തനുടുപ്പും കളിപ്പാട്ടങ്ങളും ചോക്ലേറ്റുമൊക്കെ കാത്തിരുന്ന ഈ എട്ടു വയസ്സുകാരിക്ക് ഇത്രയും നാളുകള്‍   സങ്കടത്തിന്റേതായിരുന്നു.  

ലോകത്തെ ഗ്രസിച്ച കൊറോണ ഭീതിയില്‍ ജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയ  അനേകം പേരില്‍ കാസര്‍കോട് കമ്പല്ലൂരിലെ  പ്രവീഷും കുടുംബവും ഉള്‍പ്പെടും. ലോക്ക്ഡൗണ്‍ കാരണം വ്യത്യസ്ത ജില്ലകളിലായ ഇവരുടെ കൂടിച്ചേരലിന് അവസരമൊരുക്കിയതാകട്ടെ അഗ്‌നിരക്ഷാസേനയും.

കണ്ണൂര്‍ – കാസര്‍കോട് അതിര്‍ത്തി പ്രദേശമായ കമ്പല്ലൂരിലാണ് നിവേദ്യയുടെ അമ്മ സൗമ്യയുടെ വീട്. നിവേദ്യയും അമ്മയും അവിടെയാണ്  താമസം. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്  പ്രവീഷ്.  ബഹറിനില്‍ ജോലി ചെയ്യുന്ന പ്രവീഷ് മാര്‍ച്ച് 17 ന് കോഴിക്കോട് വിമാനമിറങ്ങി. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ സൗമ്യ കോഴിക്കോട് പോയി. വിദേശത്ത് നിന്നും നാട്ടില്‍ എത്തിയാല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പില്‍ നിന്നും നേരത്തെ സൗമ്യയ്ക്ക്  ലഭിച്ചിരുന്നു. അതിനാല്‍ സൗമ്യ മകളെ തന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. പേരാമ്പ്രയിലുള്ള വീട്ടില്‍ സൗമ്യയും പ്രവീഷും ക്വാറന്റൈനില്‍ കഴിഞ്ഞു.

അതിനിടയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണും  പ്രഖ്യാപിച്ചു.  ആദ്യം 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നതായിരുന്നു നിര്‍ദ്ദേശം. പിന്നീട്  28 ദിവസവമായി. ക്വാറന്റൈന്‍ കഴിഞ്ഞിട്ടും പുതുക്കിയ ലോക്ക്ഡൗണ്‍ കാരണം മകളെ പേരാമ്പ്രയിലേക്ക് കൂട്ടി കൊണ്ടുവരാനോ കമ്പല്ലൂരിലേക്ക് തിരിച്ച്  പോകുവോനോ സാധിച്ചില്ല.  കോഴിക്കോട് കലക്ടറെ ബന്ധപ്പെട്ടപ്പോള്‍  യാത്ര സാധ്യമല്ലെന്ന് അറിയിച്ചു. എന്നാല്‍ കുട്ടിയെ കൊണ്ടുവരുന്നതിനുള്ള അനുമതി നല്‍കി. അങ്ങനെയാണ് മകളെ കൊണ്ടുവരുന്നതിനായി പ്രവീഷ് ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയുടെ സഹായം തേടുന്നത്. പെരിങ്ങോം അഗ്‌നിരക്ഷാ സേനയെയാണ് ഇതിനായി ബന്ധപ്പെട്ടത്. പെരിങ്ങോം സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ കെ എം രാജേഷിന്റെ നേത്യത്വത്തില്‍ പുലര്‍ച്ചെ 2. 15 ന് കുട്ടിയെ കമ്പല്ലൂരിലെ വീട്ടില്‍ നിന്നും  പയ്യന്നൂരില്‍ എത്തിച്ചു. തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് റീജിയണല്‍ കാന്‍സര്‍ സെന്ററിലെ രോഗിക്ക് മരുന്നുമായി എത്തിയ ചെങ്കല്‍ച്ചൂള അഗ്‌നിരക്ഷാസേനയുടെ വാഹനം തിരിച്ച് തിരുവനന്തപുരത്തേക്ക് പോവുന്നുണ്ടായിരുന്നു. പയ്യന്നൂരില്‍ നിന്നും കുട്ടിയെ ആ വാഹനത്തില്‍ കൊയിലാണ്ടിയില്‍ എത്തിച്ചു. അവര്‍ എത്തുന്ന സമയത്ത് കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍ വാഹനവുമായി തയ്യാറായിരുന്നു. അവിടെ നിന്നും പേരാമ്പ്രയിലുള്ള വീട്ടിലേക്ക്. ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല പ്രിയപ്പെട്ടവരെ ഒരുമിപ്പിക്കുന്നതിനും ഈ കൊറോണക്കാലത്ത് അഗ്‌നിരക്ഷാസേന തിരക്കിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: