അവശ്യമരുന്നുകള്‍ക്ക് ഹോംഡെലിവറി: ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം – മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി അവശ്യ മരുന്നുകള്‍ എത്തിക്കാന്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഹോംഡെലിവറി സംവിധാനവുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭ്യര്‍ഥിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിര്‍ത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവശ്യ മരുന്നുകള്‍ക്കായാണ് ജനങ്ങള്‍ ഇത്തരത്തില്‍ പുറത്തിറങ്ങുന്നത്. വാഹനങ്ങള്‍ വര്‍ധിച്ച് വരുന്നത് ഇതുവരെ പാലിച്ച അച്ചടക്കവും ജാഗ്രതയും വിഫലമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ മരുന്നുകള്‍ വാങ്ങുന്നതിന് ഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ഈ നിയന്ത്രണം ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് മനസിലാക്കി ഓരോരുത്തരും അത് പാലിക്കണം. ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിച്ചാല്‍ മാത്രമേ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശ്യ മരുന്നുകള്‍ക്കെന്ന പേരില്‍ അനാവശ്യമായും ജനങ്ങള്‍ പുറത്തിറങ്ങുന്നു എന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കോള്‍ സെന്റര്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ നിലവില്‍ തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളിലേക്ക് വിളിച്ചറിയിച്ചാല്‍ അവ വീടുകളിലെത്തിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: