കോവിഡ്- 19 സംഹാര താണ്ഡവമാടുന്നു… ആളുകൾ വീട് വിട്ട് തെരുവിൽ കൂട്ടം കൂടുന്നു!

എഴുതിയത്: രാജേഷ് വാര്യർ പൂമംഗലം
നാളിത്ര പിന്നിട്ടിട്ടും കോവിഡ് മഹാമാരിക്ക് ഫലപ്രദമായ മറുമരുന്ന് ലോകത്തെ വിടെയും ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. ആശുപത്രികളിലെ പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടി ലോകമെമ്പാടുമുള്ള രോഗികൾ ആശ്വാസത്തിനായി നിലവിളിക്കുകയാണ്. ജീവൻ രക്ഷാമരുന്നിനു വേണ്ടി അമേരിക്ക പോലും മറ്റു രാഷ്ട്രങ്ങളോട് കെഞ്ചുകയാണ്.
പ്രിയരേ, രോഗം വന്നവരുടെ മുന്നിൽ ഇനി മറ്റു പുതുവഴികളൊന്നുമില്ല. എന്നാൽ രോഗം വരാത്ത നിങ്ങളുടെ ഓരോത്തരുടെയും മുന്നിൽ ഒരു വഴിയുണ്ട്. രോഗം വരാതിരിക്കാനുള്ള ഏറ്റവും സുരക്ഷിതമായ വഴി. അതാണത്രേ സോഷ്യൽ സിസ്റ്റൻസിംഗ്. അതായത് സ്വന്തം വീട്ടിനകത്ത് സുരക്ഷിതരായിരിക്കുക എന്ന ഏറ്റവും ലളിതമായ വഴി.
ആളുകളിൽ നിന്നും അകന്നു നിൽക്കുവാനും സാമൂഹ്യ അകലം പാലിക്കുവാനും നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല?
പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗൺ അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയിരിക്കുന്നു. പക്ഷേ പലരും വീട്ടിലിരിക്കാൻ തയ്യാറാവുന്നില്ല.. രാജ്യത്ത് മരണം 150 നോടടുക്കുന്നു .ലോകത്ത് ഇതുവരെ നടന്ന കോവിഡ് മരണം ഒരു ലക്ഷമാകാൻ ഇനി അധികം മണിക്കൂറുകൾ പോലും ആവശ്യമില്ല.
രോഗികളെ ചികിത്സിച്ച ഡോക്ടർമാരും പരിചരിച്ച മാലാഖമാരും കൊറോണയുടെ നിർദ്ദയപ്രഹരങ്ങൾക്ക് കീഴ്പ്പെടുകയാണ്. ലോകം ഇരുട്ടിലേക്ക് വീഴുകയാണ്. എന്നിട്ടും നമ്മുടെ സഹോദരന്മാർ വാഹനങ്ങളുമായി പുറത്തിറങ്ങുന്നു. കൂട്ടം കൂടി നിൽക്കുന്നു.
എനിക്ക് ഒന്നും സംഭവിക്കില്ലെന്ന സാങ്കല്പിക സുരക്ഷിത വലയമുണ്ടാക്കി പലരും സൗഹൃദങ്ങൾക്കായി പുറത്തിറങ്ങുന്നു . കഷ്ടം!
ഈ മഹാമാരിയെ നിയന്ത്രിക്കാൻ നിങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലെങ്കിൽ ദയവായി സ്വയം നിയന്ത്രിക്കുക. ഒരു രൂപ പോലും സംഭാവനയായി നൽകാനില്ലെങ്കിലും നിരാശനാവാതിരിക്കുക അതിലും പ്രധാനപ്പെട്ടത് നിങ്ങൾക്കു ചെയ്യാനാവും
ഈ രോഗത്തിന്റെ വാഹകനല്ലാതായിരിക്കാൻ താങ്കൾക്കു കഴിയും. ഈ രോഗം മറ്റൊരാൾക്കു നൽകാതിരിക്കാൻ താങ്കൾക്കു കഴിയും.
മറ്റൊരാളെ നിയന്ത്രിച്ചു നിലയ്ക്കു നിർത്തുന്നതിലല്ല ആത്മനിയന്ത്രണം പാലിക്കുന്നതിലാണ് നിങ്ങളുടെ കരുത്ത്. ദയവായി പുറത്തിറങ്ങി നടക്കാതെ സർക്കാർ സംവിധാനങ്ങളോട് സഹകരിക്കുക.
നമുക്ക് കോവിഡിനെ അകറ്റി നിർത്താം….. സോഷ്യൽ ഡിസ്റ്റൻസിങ്ങിലൂടെ