ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം: മന്ത്രി മുഹമ്മദ് റിയാസ്


സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. കണ്ണൂർ ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിൽ നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നുണ്ട്. എന്നാൽ നിലവിലുള്ളതിന്റെ പരിപാലനത്തിൽ പോരായ്മകളുണ്ട്. അതിനാൽ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ടൂറിസം മേഖലയിൽ വലിയ മാറ്റമാണ് സർക്കാർ കൊണ്ടുവന്നത്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതും ഈ മേഖലയെയാണ്. എന്നാൽ ടൂറിസം വകുപ്പ് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവുകയാണ്. മലബാർ ടൂറിസത്തിന്റെ വികാസം കേരള ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു
സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന 50 ലക്ഷം രൂപ ചെലവിലാണ് സീ പാത്ത് വേയും സീവ്യൂ പാർക്കും നവീകരിച്ചത്. പുതിയ ടിക്കറ്റ് കൗണ്ടർ, ശുചിമുറി ബ്ലോക്ക്, കിയോസ്‌ക്, ശിൽപങ്ങൾ, ചെസ് ബോർഡ്, ലൈറ്റുകൾ, ഇരിപ്പിടങ്ങൾ, വാർലി പെയിന്റിംഗ്, ഗെയ്റ്റ്, ജലസേചന സംവിധാനം, കളിയുപകരണങ്ങൾ, ഡസ്റ്റ് ബിൻ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. 500 മീറ്ററോളം നീളത്തിലാണ് നടപ്പാത. മുതിർന്നവർക്ക് 20 രൂപയും ആറ് മുതൽ 12 വരെ പ്രായമുള്ളവർക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആറ് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. വനിതാ ദിനത്തോടനുന്ധിച്ച് മാർച്ച് എട്ടിനും ഒമ്പതിനും മുഴുവൻ പേർക്കും പ്രവേശനം സൗജന്യമായിരിക്കും. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം.
ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി വി പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പാർക്ക് നവീകരിച്ച ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് പ്രതിനിധി അജിത്ത് കെ ജോസഫിന് മന്ത്രി ഉപഹാരം നൽകി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് മാനേജർ സി പി ജയരാജ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: