ഭരണമല്ല സേവനമാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ജനങ്ങളെ ഭരിക്കുകയല്ല അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർക്കായി ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കണം. സേവനം ഔദാര്യമല്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാണ്. എല്ലാ സംവിധാനങ്ങളും ഈ രീതിയിലേക്കാണ് മാറേണ്ടത് – മന്ത്രി പറഞ്ഞു. ജനസേവനത്തിന് നിയോഗിക്കപെട്ടവരാണെന്ന ചിന്ത ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകണം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന് മന്ത്രി പറഞ്ഞു. അനുനിമിഷം നവീകരിക്കപ്പെടാതെ നാടിന് മുന്നേറാനാവില്ല. നവീകരണത്തിന്റെ ഭാഗമായാണ് അഞ്ച് വകുപ്പുകളായി പ്രവർത്തിച്ചിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏകീകരിച്ചത്. ജനസേവനം എളുപ്പത്തിൽ നൽകുന്നതിന് ഫയൽ നീക്കത്തിന്റെ തട്ടുകൾ  കുറക്കാൻ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 13 പേർ കാണുന്നിടത്ത് ഇനി മുതൽ ഫയൽ മൂന്നു പേർ കണ്ടാൽ മതിയാവും. ഓരോ ഉദ്യോഗസ്ഥനും വ്യക്തിഗതമായ ചുമതലകൾ ഉണ്ടാവും. ഫയലുകൾ ‘ക്വറി’ ഇട്ട് താഴേക്കും മേലേക്കും തട്ടിക്കളിക്കാൻ ഇനി അനുവദിക്കില്ല. അപാകതകൾ അപേക്ഷകനെ കണ്ട് തിരുത്തൽ വരുത്തി അതിവേഗം സേവനം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകേണ്ടിവരും. ഇതിന് വിരുദ്ധമായി ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യേഗസ്ഥരെ സർക്കാർ വിളിച്ചു വരുത്തും. പ്രാദേശിക സർക്കാറിന്റെ ഭാഗമായി വരുന്ന ഒരു ഫയലും മടക്കി അയക്കരുത്. അപേക്ഷ പൂർണമാക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണെന്ന ബോധ്യമുണ്ടാവണം.ഫലപ്രദമായി ജനങ്ങളെ സേവിക്കുന്നതിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും സാധാരണക്കാരോടും  പാവപ്പെട്ടവരോടുമാണ് സർക്കാറിന്റെ ബാധ്യതയും പ്രതിബദ്ധതയുമെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ടർക്ക് വീട്, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ ഉൾപ്പെടെ യുവതീ യുവാക്കൾക്ക് തൊഴിൽ, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാർഥ്യമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം. അതിദരിദ്രരായി കണ്ടെത്തിയവർക്ക് എല്ലാ അർഥത്തിലും പരമാവധി സേവനം നൽകി അവരെ പൊതുധാരയുടെ ഭാഗമാക്കണം. വാതിൽപ്പടി സേവന പദ്ധതിയിലൂടെ ഏത് സേവനവും സന്നദ്ധ സംവിധാനം വഴി എത്തിക്കണം. ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടി മനസ്സോടിത്തിരി മണ്ണ് കാമ്പയിൻ വഴി സുമനസ്സുള്ളവരിൽ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്തുന്നതുമായും ഫലപ്രദമായി നടപ്പാക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങൾ  ചർച്ച ചെയ്തു. ലൈഫ് മിഷന്റെ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പെരിങ്ങോം സ്വദേശി കെ വി മാധവൻ 30 സെന്റ് സ്ഥലം നൽകുന്നതിന്റെ അനുമതിപത്രം മന്ത്രിക്ക് കൈമാറി. ജില്ലയിൽ നടത്തിയ അതിദാരിദ്ര്യ സർവെ ഡോക്യുമെന്റേഷൻ പ്രകാശനവും മന്ത്രി നിർവഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ എക്‌സിക്യുട്ടിവ് അംഗം പി മുകുന്ദൻ, ഗ്രാമപഞ്ചായത്ത്  അസോസിയേഷൻ പ്രസിഡണ്ട് എം ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് പി പി ഷാജിർ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ചീഫ് എഞ്ചിനീയർ കെ ജോൺസൺ, അഡീഷണൽ ഡെവലപ്‌മെന്റ് കമ്മീഷണർ വി എസ് സന്തോഷ് കുമാർ, വികസന ജോയിന്റ് ഡയറക്ടർ ജ്യോത്സ്‌ന മോൾ, ഉത്തരമേഖല റീജിയണൽ ജോയിന്റ് ഡയറക്ടർ ഡി സാജു, ടൗൺ പ്ലാനർ ടി കെ ഗിരീഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവി ഇൻ ചാർജ് ടി ജെ അരുൺ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: