വരള്‍ച്ച നടപടി: മാര്‍ച്ച് 14 നകം പഞ്ചായത്ത്തല  ജനകീയ സമിതികള്‍ രൂപീകരിക്കും

വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 14 നകം പഞ്ചായത്ത്തല ജനകീയ സമിതികള്‍ രൂപീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നിര്‍ദ്ദേശം. 

പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ജലസ്രോതസ്സുകള്‍ എത്രയും പെട്ടെന്ന് കണ്ടെത്തി പരിശോധന നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും ശുദ്ധജലം  സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ്, തടയണകളുടെ നിര്‍മ്മാണം തുടങ്ങിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, വരള്‍ച്ച ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നീ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

ഫെബ്രുവരി 22ന് ആരംഭിച്ച് മാര്‍ച്ച് 22 വരെ നടക്കുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ ജലാശയങ്ങളില്‍ നവീകരണ പ്രവൃത്തികള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് പറഞ്ഞു. മഴക്കാലത്തിന് മുന്‍പ് വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ കണ്ടെത്തി കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തണം. വരള്‍ച്ച കാരണം പക്ഷി മൃഗാദികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പൊതു ഇടങ്ങളില്‍ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ വിതരണം ചെയ്യണമെന്നും യോഗം നിര്‍ദ്ദേശിച്ചു. 

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം പി ഷാനവാസ് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: