ആറളം ഫാമിൽ 22 കോടിയുടെ ആനമതിൽ നിർമ്മിക്കും;
ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും  

ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതിൽ നിർമ്മിക്കാൻ ഫാമിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. കൂടുതൽ തുക ആവശ്യമെങ്കിൽ അനുവദിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ആറളം ഫാം സന്ദർശിച്ച ശേഷം ആറളംഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജനപ്രതിനിധികളുമായും നാട്ടുകാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയുടെ പൊതുവികാരം മാനിച്ചാണ് തീരുമാനം.
നേരത്തെ അനുവദിച്ച 22 കോടി രൂപയിൽ നിർമ്മാണം ഒതുങ്ങിയില്ലെങ്കിൽ ജനങ്ങളുടെ സംരക്ഷണത്തിനും ആറളം ഫാമിന്റെ സുരക്ഷയ്ക്കുമായി കൂടുതൽ തുക അനുവദിക്കാൻ പട്ടിക വർഗ വികസന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ജനപ്രതിനിധികളും വിവിധ യൂനിയനുകളും സംഘടനകളും എല്ലാം ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് ആന മതിലാണ് അഭികാമ്യം എന്ന തീരുമാനം എടുത്തതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ 10 കിലോമീറ്ററിൽ ആന മതിൽ നിർമ്മിച്ചിരുന്നു. അതിന് ശേഷം അവശേഷിക്കുന്ന 10.5 കിലോ മീറ്ററിൽ കൂടി നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ചില സാങ്കേതികത്വങ്ങൾ, നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ ഉണ്ടായി. കേസ് നിലനിൽക്കുന്നതിനാൽ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി ആന മതിൽ നിർമ്മിക്കും. പണം നേരത്തെ അനുവദിക്കാൻ പട്ടികവർഗ വികസന വകുപ്പ് തയ്യാറാണ്. വനം വകുപ്പും മറ്റ് വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട് പെട്ടെന്ന് നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കും. അതിനാണ് സംസ്ഥാനതല യോഗത്തിന് ശേഷം മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും ചേർന്ന് ആറളം ഫാമിൽ യോഗം ചേർന്നതെന്ന് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.
വന്യജീവി സംരക്ഷണം പോലെ തന്നെ പ്രധാനമാണ് പൗരന്റെ സംരക്ഷണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആറളത്തിന്റെ സവിശേഷമായ ആവശ്യം പരിഗണിച്ച് ആനമതിലാണ് പ്രായോഗികം. നടപടിക്രമങ്ങൾ ലഘൂകരിച്ച് പദ്ധതി വേഗത്തിൽ നടപ്പിലാക്കും. ഇതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
ആറളത്ത് ഇനി ആന ആരെയും കൊല്ലാൻ അനുവദിക്കരുത് എന്ന ജനവികാരം മനസ്സിലാക്കി, ഫാമിലുണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം കണക്കിലെടുത്ത് ഒരു ദൗത്യം പോലെ, ജനാഭിപ്രായം കണക്കിലെടുത്താണ് പ്രശ്‌ന പരിഹാരത്തിന് തീരുമാനമെടുത്തതെന്ന് മ്രന്തി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
യോഗത്തിൽ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർക്ക് പുറമെ എം.എൽ.എമാരായ കെ.കെ. ശൈലജ ടീച്ചർ, അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സബ് കലക്ടർ അനുകുമാരി, അഡീഷനൽ പ്രിൻസിപ്പൽ സിസിഎഫ് ഡോ. പി. പുഗഴേന്തി, വിദഗ്ധ സമിതി അംഗങ്ങളായ പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ. ബീന, കെ.വി. ഉത്തമൻ (വനം വകുപ്പ്), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ ഡി എഫ് ഒ പി. കാർത്തിക്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ്ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കെ. വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, ആറളം ഫാം എം.ഡി എസ്. ബിമൽഘോഷ്, മുൻ എം എൽ എ എം പ്രകാശൻ മാസ്റ്റർ, പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനീയർ കെ. ജിഷാകുമാരി, ആറളം ഫാം ട്രേഡ് യൂനിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: