അദാലത്ത് തുണയായി; ഓക്സിജന്‍ കോണ്സന്ട്രേറ്റര് രാഘവന്റെ കൈകളിലെത്തി

രാഘവന് ഇനി ആശ്വാസത്തിന്റെ നാളുകള്‍. സാന്ത്വന സ്പര്‍ശം അദാലത്തില്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് അനുവദിക്കണമെന്ന അപേക്ഷ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കു സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപകരണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാഘവന്. തന്റെ ശാരീരിക അവശത കാരണം അദാലത്തില്‍ നേരിട്ടെത്തി നിവേദനം നല്കാന് ഈ 65കാരന് സാധിച്ചില്ലെങ്കിലും ഓക്സിജന്‍ കോണ്സന്ട്രേറ്റര് നല്കാന് മന്ത്രി നേരിട്ടുതന്നെ എത്തി. മുനിസിപ്പല്‍ ഓഫീസില്‍ വച്ച് ഏറെ സന്തോഷത്തോടെയാണ് മന്ത്രിയുടെ കൈയില്‍ നിന്നും അദ്ദേഹം ഉപകരണം ഏറ്റുവാങ്ങിയത്.
ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്ന ബ്രോങ്കിയക്റ്റേസിസ് എന്ന അപൂര്‍വ രോഗമാണ് വി കെ രാഘവന്. ദിവസവും 12 മണിക്കൂര്‍ കൃത്രിമമായി ശരീരത്തിന് ഓക്സിജന്‍ നല്‍കണം. നാട്ടുകാര്‍ മുന്‍ കൈയെടുത്ത് പഴയൊരു ഓക്സിജന്‍ കോണ്സെന്ട്രേറ്റര് വാങ്ങി നല്‍കിയിരുന്നുവെങ്കിലും അത് കേടായതോടെയാണ് ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായത്. ഈയൊരു സാഹചര്യത്തിലാണ് മന്ത്രിമാര്‍ നേരിട്ട് പങ്കെടുക്കുന്ന അദാലത്ത് ഉണ്ടെന്നറിഞ്ഞ് രാഘവന്റെ മകന് പ്രശാന്ത് ഫെബ്രുവരി രണ്ടിന് കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ നിവേദനവുമായി ചെന്ന് ആരോഗ്യമന്ത്രിയെ കണ്ടത്. അവസ്ഥ മനസിലാക്കിയ മന്ത്രി ഉടന്‍ തന്നെ ഉപകരണം ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശവും നല്കി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സെക്കണ്ടറി പാലിയേറ്റീവ് കെയര്‍ മുഖാന്തരമാണ് 45000 രൂപ വില വരുന്ന ഓക്സിജന്‍ കോണ്സന്ട്രേറ്റര് ലഭ്യമാക്കിയത്.
കൂത്തുപറമ്പ് നഗരസഭ ചെയര്‍പേര്‍സണ്‍ വി സുജാത, വൈസ് ചെയര്മാന് വി രാമകൃഷ്ണന്, പാനൂര്‍ നഗരസഭ ചെയര്മാന് വി നാസര്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ പി അനില്‍ കുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ജീജ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.