കൃത്രിമക്കാലുമായി വേദികള്‍ കീഴടക്കി: പുരസ്‌കാര നിറവില്‍ രജനി

തന്റെ പ്രിയതമനായ അഗ്‌നിഹോത്രിയുടെ കാലം എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് മനസ്സിലാക്കി മനസ്സുരുകി കരയുന്ന പറയിപെറ്റ പന്തിരുകുലത്തിലെ താത്രിയുടെ രംഗം കണ്ട് കണ്ണുനനയാത്ത സദസ്സ് ഉണ്ടാവില്ല. അത്രയ്ക്ക് അഭിനയ മികവോടെയാണ് രജനി മേലൂര്‍ താത്രി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി കാണികളുടെ മനസ്സ് കീഴടക്കിയത്. അഭിനയിക്കുകയല്ല, കഥാപാത്രമായി ജീവിക്കുകയാണവര്‍ ഓരോ വേദിയിലും. വിധിയുടെ വികൃതികള്‍ ജീവിതത്തിലുടനീളം വേട്ടയാടിയിട്ടും ഈ കലാകാരിയെ തളര്‍ത്താന്‍ കഴിഞ്ഞില്ല.
ജീവിതത്തോട് പൊരുതി കൃത്രിമക്കാലുകള്‍ക്കൊണ്ട് ഉയരങ്ങള്‍ കീഴടക്കുകയാണ് രജനി. ദൃഢനിശ്ചയവും അര്‍പ്പണബോധവും രജനിക്ക് സമ്മാനിച്ചത് നിരവധി അംഗീകാരങ്ങളാണ്. ഇന്ന് അത് കേരള സംഗീത നാടക അക്കാദമിയുടെ 2020 ലെ അവാര്‍ഡ് വരെയെത്തി നില്‍ക്കുമ്പോള്‍, അത് ആത്മസമര്‍പ്പണത്തിനുള്ള അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്. രജനിയുടെ ജീവിത യാത്രകള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. അതിനാല്‍ തന്നെ ഒരുപാട് വേദനകളുടെ കഥകള്‍ രജനിക്ക് പറയാനുണ്ട്.
അരങ്ങില്‍ ജ്വലിച്ച് നില്‍ക്കുന്ന കാലത്താണ് അപകടത്തിന്റെ രൂപത്തില്‍ രജനിയുടെ ജീവിതത്തിലേക്ക് പ്രതിസന്ധികള്‍ കടന്നു വരുന്നത്. 1994 ഡിസംബര്‍ 23 എന്ന തീയതി ആ മനസ്സിന് ഏല്‍പ്പിച്ചത് ഉണങ്ങാത്ത മുറിവ് തന്നെ.
ബസ് അപകടമായി തന്നെ തേടിയെത്തിയ ആ ദിനം ഇന്നും അവരുടെ ഓര്‍മ്മയില്‍ മായാതെ കിടപ്പുണ്ട്.
വടകര വരദ ട്രൂപ്പിന്റെ ഇരുട്ടിന്റെ ആത്മാവ് എന്ന നാടകാവതരണത്തിനായി പോകുമ്പോഴാണ് വടകര കുഞ്ഞിപ്പള്ളിയില്‍ വച്ച് രജനി സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ അവരുടെ ജീവിതം രണ്ട് മാസക്കാലം ആശുപത്രി കിടക്കയിലായിരുന്നു. വേദന കടിച്ചമര്‍ത്തി കഴിഞ്ഞിരുന്ന ആ സമയം കാല്‍ മുറിച്ച് മാറ്റണമെന്നു കൂടി ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തന്റെ നാടകയാത്രക്ക് തിരശ്ശീല വീണുവെന്ന് തന്നെയാണ് അവര്‍ കരുതിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാല്‍ മുറിച്ചു മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ അതേ ഡോക്ടറില്‍ നിന്നു തന്നെ കൃത്രിമ കാല്‍ എന്ന ആശയം രജനിയുടെ മനസിലേക്കെത്തി. എല്ലാം തീര്‍ന്നു എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ കൃത്രിമക്കാലിന്റെ സാധ്യതകള്‍ ഒരുപാട് പ്രതീക്ഷകള്‍ നല്‍കി. അഭിനയം തുടരണമെന്ന അടങ്ങാത്ത ആഗ്രഹവും വാശിയും മനസ്സില്‍ സജീവമാകുന്നതിനിടെയാണ് മദ്രാസില്‍ കൃത്രിമക്കാല്‍ നല്‍കുന്ന ഒരു കമ്പനിയെക്കുറിച്ച് അറിയുകയും സുഹൃത്തുക്കളുടെ സഹായത്തോടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തത്. എങ്കിലും വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നതിന് ഗുണമേന്മ കുറഞ്ഞ ആ കൃത്രിമക്കാല്‍ തിരിച്ചടിയായി. മെച്ചപ്പെട്ട കൃത്രിമക്കാലാണെങ്കില്‍ മാത്രമെ വേദിയിലെത്താന്‍ സാധിക്കൂവെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
അവിടെയും രജനി പതറിയില്ല. അവരുടെ അഭിപ്രായത്തില്‍ ദൈവദൂതനെപ്പോലെ അന്നെത്തിയത് സര്‍ക്കാരിന്റെ വി കെയര്‍ പദ്ധതിയായിരുന്നു. കൃത്രിമക്കാലിന് വേണ്ടി മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിച്ചു. സര്‍ക്കാര്‍ അപേക്ഷ പരിഗണിക്കുകയും തുടര്‍ന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ കൃത്രിമക്കാല്‍ വേഗത്തില്‍ തന്നെ അവര്‍ക്ക് ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. എറണാകുളം സായി റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ച പുതിയ കാല്‍ രജനിയുടെ ജീവിതത്തിന്റെ ഭാഗമായി. ഒരാഴ്ച അവിടെ താമസിച്ചു ദിവസേന നടത്തം പരിശീലിച്ചാണ് പുതിയ കാലുമായി രജനി പൊരുത്തപ്പെട്ടത്. ചികിത്സയ്ക്കും യാത്ര ചെലവിനുമായും ധാരാളം പണം ചെലവായെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട കൃത്രിമകാല്‍ സര്‍ക്കാരിന്റെ പദ്ധതിയിലൂടെ ലഭിച്ചത് തന്റെ ജീവിതവും ജോലിയും അനായാസമാക്കിയാതായി രജനി പറയുന്നു. പിന്നീടങ്ങോട്ട് അരങ്ങ് തന്നെയായിരുന്നു രജനിയുടെ ജീവിതം.
3500ല്‍ പരം വേദികളിലാണ് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ ഇതുവരെ അവര്‍ അവതരിപ്പിച്ചത്. നിഷ്‌കളങ്കന്‍, മൂകനര്‍ത്തകന്‍, സ്വന്തം സ്‌നേഹിതന്‍, തുമ്പോലാര്‍ച്ച, വേലുത്തമ്പി ദളവ, കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്, കരിങ്കുരങ്ങ്, കടത്തനാട്ടമ്മ, പാവം മനുഷ്യന്‍ ഇങ്ങനെ നീളുന്നു ആ പട്ടിക. കലയോടുള്ള അടങ്ങാത്ത പ്രണയം രജനിയെ കൊണ്ടെത്തിച്ചത് അംഗീകാരത്തിന്റെ തിളക്കത്തിലേക്കാണ്.
2007 ല്‍ കടത്തനാട്ടമ്മ എന്ന നാടകത്തിലെ ആയിത്തിര എന്ന കഥാപാത്രത്തിന് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. കൂടാതെ അനവധി പ്രാദേശിക അവാര്‍ഡുകളും. ഇപ്പോള്‍ തന്റെ കഴിവുകള്‍ക്ക് സംസ്ഥാന തലത്തില്‍ മറ്റൊരു അംഗീകാരം കൂടി ലഭിച്ചപ്പോള്‍ ഭര്‍ത്താവ് സുകുമാരനും മകള്‍ ഹര്‍ഷക്കും പേരക്കുട്ടികള്‍ക്കുമൊപ്പം മേലൂരിലുള്ള വീട്ടില്‍ ആഘോഷത്തിരക്കിലാണ് രജനി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: