കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; സ്വർണക്കപ്പുയർത്താൻ കോഴിക്കോടും കണ്ണൂരും, ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട്; അഞ്ച് ദിവസം നീണ്ട കലാമാമാങ്കത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

കലോത്സവത്തിൽ ഏറ്റവും കൂടുതല്‍ പോയിന്റ്‌റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പിനായി കടുത്ത മത്സരമാണ് നടക്കുന്നത്. ആതിഥേയരായ കോഴിക്കോടും കണ്ണൂരും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാമത് കോഴിക്കോടാണ്. 834പോയിന്റാണ് കോഴിക്കോടിനുള്ളത്. 828 പോയിന്റുമായി കണ്ണൂരാണ് തൊട്ടുപിന്നില്‍. പാലക്കാട് 819, തൃശൂര്‍ 814, മലപ്പുറം 783 എന്നിങ്ങനെയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.
സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സമാപന ചടങ്ങിന് അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ്‌റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിക്കും. കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം,എംകെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസ് സ്വാഗതം പറയും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: