പ്ലസ് ടു കോഴ: കെ.എം.ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
January 7, 2021
കണ്ണൂർ: പ്ലസ്ടു കോഴ്സ് അനുവദിച്ചതിന് അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെഎം ഷാജി എംൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
അഴീക്കോട് ഹൈസ്കൂളിൽ ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചതിന് കെ.എം.ഷാജി എം.എൽ.എ. 25 ലക്ഷംരൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യറോ ആണ് കേസ് ഫയൽചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ്. ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന് അഴീക്കോട് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കിയതായി വിജിലൻസ് പറയുന്നു. ആ 25 ലക്ഷത്തിന്റെ ഉറവിടവും മാനേജ്മെന്റ് വെളിപ്പെടുത്തണം. എന്നാൽ പണം നൽകിയിട്ടില്ലെന്നായിരുന്നു മാനേജ്മെന്റ് വാദം.
2013-ൽ പ്ലസ്ടു കോഴ്സ് അനുവദിക്കാനാവശ്യപ്പെട്ട് മാനേജ്മെന്റ് വിദ്യാഭ്യാസമന്ത്രിയുടെ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. സ്കൂളിലെ ഒരു തസ്തികയ്ക്ക് വാങ്ങുന്ന പണത്തിന് തുല്യമായ തുക അഴീക്കോട് പൂതപ്പാറയിൽ ലീഗ് ഓഫീസ് കെട്ടിടം നിർമിക്കാനായി തരണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. 2014-ൽ പ്ലസ്ടു ലഭിച്ചു. വാഗ്ദാനംചെയ്ത തുകയ്ക്ക് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടപ്പോൾ അവരെ കെ.എം.ഷാജി പിന്തിരിപ്പിച്ചു. പിന്നീടാണറിയുന്നത് ഷാജി 25 ലക്ഷം രൂപ നേരിട്ടുവാങ്ങിയെന്ന്. ഇതാണ് ഷാജിക്കെതിരേ പരാതി ഉയരാൻ കാരണം. ഇതുസംബന്ധിച്ച് ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് നേതൃത്വത്തിന് നൽകിയ കത്തിന്റെ കോപ്പിസഹിതം സി.പി.എം. കണ്ണൂർ ഏരിയാ കമ്മിറ്റി അംഗം കുടുവൻ പത്മനാഭൻ 2017-ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് വിജിലൻസിന്റെ റിപ്പോർട്ട്.