മിന്നൽ ഹർത്താൽ പാടില്ല .ഹൈകോടതി

കൊച്ചി: തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈകോടതി പരിഗണിച്ചു. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നും നാശനഷ്ടങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഉത്തരവാദി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരാണെന്നും ഹൈക്കോടതി. അനാവശ്യമായി ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് അനുവദിക്കാനാകില്ല. ഇതില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതികളുണ്ട്. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താലുകള്‍ തുടര്‍ക്കഥയാകുന്നതെന്നും ഹര്‍ത്താലിന് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കണമെന്നുമാണ് കോടതി ഉത്തരവ്.

നാളെ നടക്കുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പൊലീസ് സുരക്ഷ നല്‍കും. പൊലീസ് സുരക്ഷ ആവശ്യപ്പെടുന്ന ആര്‍ക്കും അതൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

തുടര്‍ച്ചയായി ഉണ്ടാവുന്ന ഹര്‍ത്താലിന് എതിരെ രൂക്ഷ വിമര്‍ശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. അതിനാല്‍ തന്നെ ഹര്‍ത്താല്‍ അക്രമം തടയാന്‍ സമഗ്രമായ പദ്ധതി വേണമെന്നും ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം എന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ ഈ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം 97 ഹര്‍ത്താലാണ് കേരളത്തില്‍ ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന് എതിരെ വ്യാപാരികള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഹര്‍ത്താല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ പറ്റില്ല. നാളെ നടക്കുന്ന ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കുമോ എന്നും ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്ത് ഹര്‍ത്താല്‍ തമാശ പോലെയാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: