യുവാവിനെ വധിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതി പിടിയിൽ.
ചാലിങ്കാല്‍ രാവണേശ്വരം റോഡില്‍ സുശീലഗോപാലന്‍ നഗറിലെ പൊന്നപ്പന് -കമലാവതി ദമ്പതികളുടെ മകന് നീലകണ്ഠനെ (36) വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി സഹോദരി ഭര്‍ത്താവ് ഗണേശന് എന്ന സെല്‍വരാജിനെ(52)യാണ് ബാംഗ്ലൂര്‍ വണ്ണാര്‍പേട്ടയിലെ മകളുടെ വീട്ടില്‍ നിന്നും അമ്പലത്തറ സ്റ്റേഷൻപോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദനും സംഘവും അറസ്റ്റുചെയ്തത്.
കൊലപാതകം നടന്ന് നാലുമാസത്തിനുശേഷമാണ് പ്രതി പിടിയിലായത്. ഇന്നലെ ഉച്ചയോടെ സെല്വരാജന് വണ്ണാര്‍പേട്ടയിലെ മകളുടെ വീട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ബാംഗ്ലൂരിലെത്തിയാണ് അറസ്റ്റുചെയ്തത്.. ഇന്ന് ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ആഗസ്ത് 1 ന് രാത്രിയാണ് നീലകണ്ഠനെ സഹോദരി ഭര്‍ത്താവ് ഗണേശന് വെട്ടികൊലപ്പെടുത്തിയത്. നീലകണ്ഠന്റെ ഭാര്യ ആശയും കുട്ടിയും ഗണേശന്റെ ഭാര്യയും ബാംഗ്ലൂരിലെ വീട്ടിലായതിനാല്‍ ഗണേശന് നീലകണ്ഠന്റെ വീട്ടിലായിരുന്നു താമസം.
ഗണേശന്റെ കൂടെ പെയിന്റിംഗ് ജോലി ചെയ്തിരുന്ന നീലകണ്ഠന്റെ മറ്റൊരു സഹോദരി പത്മാവതിയുടെ മകന് കൂലി കുറച്ചുകൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോലി സ്ഥലത്തുനിന്നും 600 രൂപാവെച്ച് കൂലിവാങ്ങുമെങ്കിലും ഗണേശന് മരുമകന് 400 രൂപമാത്രമേ നല്‍കാറുണ്ടായിരുന്നുള്ളൂ. ഇക്കാര്യം നീലകണ്ഠന്റെ മരുമകന് അമ്മ പത്മാവതിയോട് പറഞ്ഞിരുന്നു. ഇതറിഞ്ഞ നീലകണ്ഠന് സഹോദരിയും ഗണേശന്റെ ഭാര്യയുമായ സുശീലയോട് സൂചിപ്പിക്കുകയും ചെയ്തു. പിന്നീട് ഗണേശനോടും ഇതേകുറിച്ച് ചോദിക്കുകയും ഇനിമേലില്‍ തന്റെ വീട്ടില്‍ താമസിക്കേണ്ടെന്നും പറയുകയും ചെയ്തു. ഭാര്യ സുശീലയും ഗണേശനെ തള്ളിപറഞ്ഞതോടെ താന്‍ ഒറ്റപ്പെട്ടുവെന്ന തോന്നലിലാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി നൽകിയത്. ഉറങ്ങികിടക്കുകയായിരുന്ന നീലകണ്ഠനെ മദ്യലഹരിയിലെത്തിയ ഗണേശന് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വാതില്‍ പുറത്തുനിന്നും പൂട്ടി രക്ഷപ്പെടുകയായിരുന്നു. രാവിലെ ലീലാവതിയുടെ മക്കള്‍ ചായയുമായി വന്നപ്പോള്‍ വീടിന്റെ വാതില്‍ പുറത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. താക്കോല്‍ വെക്കുന്ന സ്ഥലം അറിയാവുന്ന മരുമക്കള്‍ വാതില്‍ തുറന്നപ്പോഴാണ് വീട്ടിനുള്ളിലെ ഹാളില്‍ രക്തം തളംകെട്ടികിടക്കുകയും കിടപ്പുമുറിയിലെ കട്ടിലില്‍ നീലകണ്ഠന് വെട്ടേറ്റ് മരിച്ചനിലയില്‍ കിടക്കുന്നതും കണ്ടത്. ഇവര്‍ ഉടന്‍ വിവരം അയല്‍വാസികളെ അറിയിച്ചു. സംഭവമറിഞ്ഞയുടന്‍ അമ്പലത്തറ പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദനും സംഘവും സ്ഥലത്തെത്തി. നീലകണ്ഠനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചതായി കരുതുന്ന വെട്ടുകത്തി വീട്ടുപറമ്പില്‍ നിന്നും അന്നുതന്നെ കണ്ടെടുത്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഗണേശനെ കണ്ടെത്താന്‍ മേല്‍പ്പറമ്പ് ഡിവൈഎസ്പി സി.കെ.സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദനും സംഘവും അന്നുമുതല്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. കര്‍ണ്ണാടക, തമിഴ്നാട് ഭാഗങ്ങളിലെല്ലാം അന്വേഷണ സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇയാള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണത്തിനായി ആളെ നിയോഗിച്ചിരുന്നു. അങ്ങനെയാണ് ഇന്നലെ ഉച്ചക്ക് ഗണേശന് വണ്ണാര്പേട്ടയിലെത്തിയതായി വിവരം ലഭിക്കുകയും പിടികൂടുകയും ചെയ്തത്. ഇന്‍സ്പെക്ടര്‍ക്കൊപ്പം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ്, രഞ്ജിത്ത്, ഡ്രൈവര്‍ സുജിത്ത് എന്നിവരും ഗണേശനെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.