കള്ളവോട്ട് ചെറുക്കാനുള്ള ശ്രമത്തില്‍ ജീവന് നഷ്ടപ്പെട്ടേക്കുമെന്ന് സുരേഷ് കീഴാറ്റൂര്‍

കീഴാറ്റൂർ: തദ്ദേശ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരില്‍ സംഘര്‍ഷമുണ്ടാകുമെന്ന് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍. കീഴാറ്റൂര്‍ ബൂത്തില്‍ സിപിഐഎം നൂറിലധികം കള്ളവോട്ടുകള്‍ ചെയ്യുമെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചു. കളളവോട്ട് ചെയ്യാന്‍ വയല്‍ക്കിളികള്‍ അനുവദിക്കില്ല. ചെറുത്തുനില്‍പ്പിനിടെ ജീവന് നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. ജനാധിപത്യത്തിന് വേണ്ടി രക്തസാക്ഷിയാകാന്‍ തയ്യാറാണ്. ഭാര്യയും കുട്ടികളും ഒപ്പമുള്ളവരും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. പൊലീസ് സംരക്ഷണയുണ്ടായിരുന്നിട്ടും വീടിന് നേര്‍ക്ക് മുന്‍പ് ആക്രമണമുണ്ടായിട്ടുണ്ട്. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ കീഴാറ്റൂര്‍ ബൂത്തില്‍ സിസി ടിവി ക്യാമറ വെയ്ക്കണമെന്ന ആവശ്യം അധികാരികള്‍ ചെവിക്കൊള്ളുന്നില്ല. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും നിസംഗത തുടരുന്ന പൊലീസ് തന്റെ മൃതദേഹത്തില്‍ റീത്ത് വെയ്ക്കണമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ഇത് തന്റെ മരണക്കുറിപ്പാണ് എന്ന പ്രസ്താവനയോടെയാണ് വയല്‍ക്കിളി നേതാവ് ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.
കള്ളവോട്ടുകൊണ്ട് ആരും അങ്ങോണ്ട് വരേണ്ട. കീഴാറ്റൂര്‍ ബുത്തില്‍ ചെറുത്തുനില്ക്കും. അവസാന തുള്ളി രക്തവും വീഴ്ത്തും. ജലത്തിനും മണ്ണിനും ഭൂമിയ്ക്കും വേണ്ടിയുള്ള ഒരു സമരത്തില്‍ രക്തസാക്ഷിയാകുന്നതിന് എനിക്ക് ഒരു ഭയവുമില്ല. സുരേഷ് കീഴാറ്റൂര്‍
പൊലീസ് സംരക്ഷണ വേണമെന്ന ആവശ്യവുമായി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത സുരേഷ് രംഗത്തെത്തിയിരുന്നു. സിപിഐഎമ്മിനെതിരെ മത്സരിക്കുന്ന തനിക്ക് സുരക്ഷ വേണമെന്നാനശ്യപ്പെട്ട് ലത തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്കുകയുണ്ടായി. വോട്ടെടുപ്പ് നടക്കുന്ന കീഴാറ്റൂര്‍ ജിഎല്‍പി സ്കൂളില്‍ വെബ്ക്യാമറ വേണമെന്നാവശ്യപ്പെട്ട് കീഴാറ്റൂരിലെ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ഹൈക്കോടതിയേയും സമീപിച്ചു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ഉയര്‍ന്ന സമര കൂട്ടായ്മയാണ് വയല്‍ക്കിളികള്‍. കീഴാറ്റൂരില്‍ വലിയ സ്വാധീനമാണ് ഇവര്‍ക്കുള്ളത്. കീഴാറ്റൂര്‍ സമരത്തിന് മുന്‍ നിരയില്‍ നിന്ന് പ്രതിഷേധിച്ചവരില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ‘ ഒരാളാണ് ലത. ബൈപ്പാസ് നിര്‍മ്മാണ ഉദ്ഘാടനം സമയത്ത് കീഴാറ്റൂര്‍ വയലില്‍ വെച്ച് പിണറായി വിജയന്റേയും നിതിന്‍ ഗഡ്കരിയുടേയും കോലം കത്തിച്ചുകൊണ്ടായിരുന്നു വയല്‍ക്കിളികളുടെ പ്രതിഷേധം.