കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന്തുടക്കമാവും. ഡിസംബര്‍ ആറുമുതല്‍ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളില്‍ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

മേളയുടെ ഉദ്ഘാടനം വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പഴയകാലനടി ശാരദയെയും ആദരിക്കും. തുടര്‍ന്ന് നിശാഗന്ധിയില്‍ ടര്‍ക്കിഷ്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെര്‍ഹത് കരാസ്‌ലാന്‍ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.
ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയ്യറ്ററിലാണ് പ്രവര്‍ത്തിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ വാങ്ങാം.

പാസുകള്‍ക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി പത്ത് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് വരെ പാസ് വിതരണം ഉണ്ടാകും. ഇത്തവണ 10,500 പാസുകളാണ് വിതരണം ചെയ്യുന്നത്. 1500 രൂപയാണ് ജനറല്‍ പാസ് തുക.

പ്രധാന വേദികളായ ടാഗോറും നിശാഗന്ധിയുമടക്കം പതിനാലു വേദികളിലായി 73 രാജ്യങ്ങളില്‍നിന്നുള്ള 186 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: