ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോംപ്ലക്സ് നിർമ്മാണം അന്തിമ ഘട്ടത്തിൽ

ഇരിട്ടി : ആറളം ആദിവാസി മേഖലയിൽ ഹൈടെക്ക്‌ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോംപ്ലക്‌സ്‌ കെട്ടിട നിർമ്മാണം പൂർത്തിയാവുന്നു. കഴിഞ്ഞ സർക്കാറിന്റെ ബജറ്റിൽ പ്രഖ്യാപിച്ച ജില്ലയിലെ രണ്ടാമത്തെ എംആർഎസ്‌ സമുച്ചയ നിർമ്മാണമാണ്‌ ആറളം ഫാം ഏഴാം ബ്ലോക്കിൽ അന്തിമഘട്ടത്തിലെത്തിയത്‌.
കിഫ്‌ബി ഫണ്ടിൽ 17.39 കോടി രൂപ വിനിയോഗിച്ചാണ്‌ നിർമ്മാണം. സംസ്ഥാന കൺസ്‌ട്രക്‌ഷൻ കോർപ്പറേഷനാണ്‌ പ്രവൃത്തിയുടെ ചുമതല. ഹിൽട്രാക്ക്‌ കൺസ്‌ട്രക്‌ഷൻസാണ്‌ പ്രവൃത്തിയുടെ കരാറുകാർ. സെപ്‌തംബർ 15നകം നിർമ്മാണം പൂർത്തിയാക്കാനുള്ള വ്യവസ്ഥയിൽ 2018 നവമ്പർ രണ്ടിന്‌ പ്രവൃത്തിയാരംഭിച്ചു. കോവിഡ്‌ കാരണം നിർമാണം രണ്ട്‌ മാസം വൈകി. നവംബർ അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കി കെട്ടിട സമുച്ചയം പട്ടികവർഗക്ഷേമവകുപ്പിന്‌ കൈമാറാണ് നീക്കം. അഗ്നിരക്ഷാ പ്രവൃത്തികളാണ്‌ ബാക്കി. ആദ്യ ടെൻഡർ പ്രകാരം പ്രവൃത്തി നടത്താൻ സാധിക്കാത്തതിനാൽ അഗ്നിസുരക്ഷാ പ്രവൃത്തി റീടെൻഡർ ചെയ്തു. ഇത്‌ കൂടി പൂർത്തീകരിച്ചാൽ കെട്ടിട നമ്പറുകൾ നേടി വൈദ്യുതി കൂടി ലഭ്യമാക്കി കെട്ടിട കൈമാറ്റം നടത്താനാവുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കരാർ പ്രതിനിധികൾ അറിയിച്ചു.
രാജ്യത്തെ ഏറ്റുവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ്‌ ആറളം ഫാം. രണ്ടായിരത്തോളം കുടുംബങ്ങൾആണ് ഇവിടെ താമസിക്കുന്നത്. ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നിലവിലുണ്ട്‌. ഇതിന് പുറമെയാണ്‌ മോഡൽ റസിഡൻഷ്യൽ സ്‌കൂളും ഹോസ്‌റ്റലും പ്രവർത്തികമാകാൻ പോകുന്നത് . 350 ആൺ, പെൺകുട്ടികൾക്ക്‌ താമസിച്ചു പഠിക്കാനാണ്‌ എംആർഎസിൽ സൗകര്യമുണ്ടാവുക. ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്കുകൾ, പഠന മുറികൾ, ലൈബ്രറി, ലാബറട്ടറികൾ, കമ്പ്യൂട്ടർ ശൃംഖല, ലൈബ്രറി, കളിസ്ഥലം തുടങ്ങി വിപുല സൗകര്യങ്ങളുണ്ടാവും. പട്ടിക വർഗ വിദ്യാർഥികൾക്കാണ്‌ പ്രവേശനം. യുപി ക്ലാസ്‌ മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠന സംവിധാനം എംആർഎസിൽ ഒരുക്കാനാവും. പട്ടികവർഗ ക്ഷേമവകുപ്പ്‌ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്‌ എംആർഎസ്‌ ഉദ്‌ഘാടന സംവിധാനമൊരുക്കുന്നതോടെ സ്‌കൂൾ പ്രവർത്തിപ്പിക്കാനാവശ്യമായ അനുമതി സർക്കാറിൽ നിന്നുണ്ടാവും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: