മൂന്നു മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ആറളം ഫാമിലെ കുളത്തിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

ഇരിട്ടി : ആറളം ഫാമിലെ കൃഷിയിടത്തിലെ കുളത്തിൽ കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മൂന്നുമാസത്തോളം പ്രായമായ കാട്ടാന കുട്ടിയുടെ ജഡമാണ് ഫാമിലെ മൂന്നാം ബ്ലോക്കിലെ കുളത്തിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കാട് വെട്ടി തെളിക്കാൻ എത്തിയ തൊഴിലാളികളാണ് കാട്ടാന കുട്ടിയുടെ ജഡം കുളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഫാം അധികൃതർ വനം വകുപ്പുമായി ബന്ധപ്പെട്ടു. കാട്ടാനക്കൂട്ടം വെള്ളം കുടിക്കാൻ എത്തിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാവാം എന്നാണ് നിഗമനം. കുളത്തിൽ നിറയെ ചെളിയാണ്. അതുകൊണ്ടുതന്നെ നിറയെ ചെളിയുള്ള കുളത്തിൽ കാട്ടാന കുട്ടി വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ഇതിനെ രക്ഷിക്കുവാൻ കാട്ടാനകൾ ശ്രമം നടത്തിയ തെളിവുകളും സമീപത്തുണ്ട്. ജഡത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
മൂന്നു ദിവസം മുൻപേ ഈ പ്രദേശത്തുനിന്നും കാട്ടാന കൂട്ടങ്ങളുടെ ബഹളം കേട്ടതായി തൊഴിലാളികൾ പറഞ്ഞു. ആനകൾ കൂട്ടമായി തമ്പടിക്കുന്ന പ്രദേശമായതിനാൽ ആരും ശ്രദ്ധിച്ചില്ല. ഇതിൻ്റെ ഒരു ദിവസം മുൻപ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തെങ്ങ് ചെത്ത് തൊഴിലാളികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ടിരുന്നു.
ജഢത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്.
എടൂർ വെറ്റിനറി സർജൻ ഡോക്ടർ നവാസ് ഷരീഫിന്റെ നേതൃത്വത്തിൽ ദേഹപരിശോധന നടത്തി. കുളക്കരക്ക് സമീപം തന്നെ ജഡം കുഴിയെടുത്ത് സംസ്കരിച്ചു. കൊട്ടിയൂർ റെയിഞ്ചർ സുധീർ നേരോത്ത്, ഹോറസ്റ്റർ മാരായ കെ. ജിജിൽ, സി. കെ. മഹേഷ്, ആറളം ഫാം സെക്യൂരിറ്റി ഓഫീസർ ശ്രീകുമാർ, ആറളം എസ് ഐ ഇ .എസ്. പ്രസാദ് എന്നിവരും സ്ഥലത്തെത്തി. ഫാമിനുള്ളിൽ തന്നെ ജനിച്ച വളർന്നതാണ് ആനക്കുട്ടി എന്ന് സംശയിക്കുന്നു. മുപ്പതിലേറെ കാട്ടാനകൾ ഫാമിനകത്ത് ഇപ്പോഴും ഉണ്ടെന്നാണ് കണക്കാക്കുന്നത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: