പൂച്ചകളെ കൊന്നത് തലയ്ക്കടിച്ചും കഴുത്തറത്തുമെന്ന് പരിശോധനാഫലം

കരിവെള്ളൂർ: വടക്കെ മണക്കാട്ടെ വി.വി. ചന്ദ്രന്റെ നാല് വളർത്തുപൂച്ചകളെ കൊന്നത് കഴുത്തറത്തും തലയ്ക്കടിച്ചുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ട് പൂച്ചകളെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറത്തും രണ്ട് പൂച്ചകളെ തലയ്ക്കടിച്ചുമാണ് കൊന്നതെന്നാണ് റിപ്പോർട്ടിലുണ്ട്. ഇതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ അസി. എസ്.ഐ. വി.വി. പ്രദീപനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. ഒക്ടോബർ 25-ന് രാവിലെയാണ് ചന്ദ്രന്റെ വീടിന്റെ വരാന്തയിലും പറമ്പിലുമായി പൂച്ചകളെ കൊന്നുതള്ളിയ നിലയിൽ കണ്ടത്. ഒരു തള്ളപ്പൂച്ചയെയും 20 ദിവസം പ്രായമായ മൂന്ന് കുഞ്ഞുപൂച്ചകളെയുമാണ് പൈശാചികമായി കൊന്നുതള്ളിയത്. വീടിന്റെ അടുക്കളയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കൂട്ടിലായിരുന്നു പൂച്ചകൾ കിടന്നുറങ്ങിയിരുന്നത്. പോലീസ് പ്രദേശത്തെ ചില നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രദേശത്തെ ചിലരുടെ ഫോൺ കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: