ഇരിട്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് – ജോ.ആര്‍ടിഒയുടെ നേതൃത്വത്തിൽ പരിഹാരത്തിന് ശ്രമം

ഇരിട്ടി: ഇരിട്ടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ലൈന്‍ട്രഫിക് ജോ.ആര്‍ടിഒയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. നഗരസഭയുടെ സഹകരണത്തോടെയാണ് സമഗ്ര ഗതാഗത പരിഷ്‌കരണത്തിനായി ജോ.ആര്‍ടിഒ ശ്രമം തുടങ്ങിയത് . കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതോടെ മട്ടന്നൂർ – മൈസൂർ അന്തര്‍സംസ്ഥാന പാത കടന്നു പോകുന്ന ഇരിട്ടി ടൗണിൽ ഗതാഗതക്കുരുക്കു നിത്യ സംഭവമാകാനിടയുണ്ട്. ഇപ്പോൾ തന്നെ നിരന്തരം ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടുകയാണ് ഇരിട്ടി പട്ടണം. ഇതിന്റെ അടിസ്ഥാനത്തി ആണ് ടൗണില്‍ സമഗ്ര ഗതാഗതപരിഷ്‌കാരത്തിന് ശ്രമം തുടങ്ങിയിട്ടുള്ളത്.

മറ്റ് ടൗണുകളെ അപേക്ഷിച്ച് ഏറെ വീതിയുള്ള ഇരിട്ടി ടൗണില്‍ ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്ന അശാസ്ത്രീയ മായ വാഹനപ്പാർക്കിങ്ങാണ് പ്രശ്നങ്ങൾ പലപ്പോഴും സങ്കീർണ്ണമാക്കുന്നത് . കൂടാതെ ഓട്ടോറിക്ഷകളും , ബൈക്കുകളുംമറ്റും തെറ്റായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതും നിത്യേന ടൗണിലും പാലത്തിലും ഗതാഗതകുരുക്കിന് കാരണമാകുന്നു .

ഇതിനായി ടൗണില്‍ ലൈന്‍ട്രഫിക് കര്‍ശനമാക്കും. മുന്നില്‍ പോകുന്ന വാഹനത്തെ അനാവശ്യമായി ഓവര്‍ടേക്ക് ചെയ്യാതെ നിശ്ചയിച്ച പാതയിലൂടെ കൃത്യമായ വേഗതയില്‍ സഞ്ചരിക്കുന്ന രീതിയാണ് ലൈന്‍ട്രാഫിക്. കൂടാതെ ടൗണില്‍ ട്രാഫിക് ലൈറ്റുകളും , സിഗ്നലുകളും സ്ഥാപിക്കും. പേ- പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വലിയ കെട്ടിടങ്ങളുടെ അടിയവശത്ത് നഗരശഭയില്‍ നിന്ന് ലൈസന്‍സ് ലഭിക്കാനായി പാര്‍ക്കിംഗ് സൗകര്യം കാണിക്കുകയും പിന്നീട് ഗോഡൗണുകള്‍ക്കായി ചിലര്‍ വാടകക്ക് നല്‍കുന്നതായും മോട്ടര്‍വാഹന വകുപ്പിന് കണ്ടെത്താനായിട്ടുണ്ട്. ഇത്തരക്കാരുടെ പേര് വിവരം നഗരസഭക്ക് കൈമാറുമെന്നും ജോ.ആര്‍ടിഒ എ.കെ രാധാകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ഹോംഗാര്‍ഡ് മാത്രമാണ് പാലത്തില്‍ ഗതാഗതനിയന്ത്രണത്തിനുള്ളത്. ഇരുകരയിലും നില്‍ക്കുന്നവര്‍ക്ക് പരസ്പരം ബന്ധപെടാനായി വയര്‍ലെസ് സംവിധാനം പോലും ഇപ്പോഴില്ല. മുമ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വയര്‍ലെസ് സെറ്റ് ഇവര്‍ക്ക് അനുവദിക്കുന്നില്ല. ഇത് കാരണം പാലത്തില്‍ പലപ്പോഴും ഇരുവശത്തുനിന്നും വലിയ വാഹനങ്ങള്‍ കയറാന്‍ കാരണമാകുന്നുണ്ട്. കെ എസ് ടി പി റോഡ് വികസനം ടൗണില്‍ പൂര്‍ത്തിയാകുന്ന മുറക്ക് ടൗണിലെ ഗതാഗതകുരുക്കഴിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സിസി ടി വി കാമറ ഉൾപെടെ സ്ഥാപിച്ചു സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ജോ.ആര്‍ടിഒ പറഞ്ഞു. ഇപ്പോള്‍ പലപ്പോഴും ഇരിട്ടിയില്‍ പാലത്തിലുണ്ടാകുന്ന ഗതാഗകുരുക്ക് മണിക്കൂറുകള്‍ വരെയാണ് നീളുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: