കേന്ദ്രമന്ത്രിയടക്കം 714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് ഞായറാഴ്ച അര്‍ധരാത്രിയോടെ

ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എംപി ആര്‍.കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള 714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

പാരഡൈസ് പേപ്പേഴ്സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പനാമ പേപ്പര്‍ വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടതും ഐസിഐജെയാണ്. പട്ടികയില്‍ പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഏകദേശം 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ തന്നെ ആപ്പിള്‍ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണ്. വിദേശങ്ങളില്‍ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടേതാണ്. ഇവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്തിരുന്നത് ആപ്പിള്‍ബൈ കമ്പനിയായിരുന്നുവെന്ന് രേഖകളില്‍ പറയുന്നു.

സണ്‍ ടിവി, എസ്സാര്‍- ലൂപ്, എസ്എന്‍സി ലാവ്ലിന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളുടെ പേരുകള്‍ പുറത്തുവന്ന രേഖകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ വിവരങ്ങളും പാരഡൈസ് പേപ്പറില്‍ പറയുന്നു. മാത്രമല്ല റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കുടുംബവുമായി വില്‍ബര്‍ റോസിന്റെ ബന്ധങ്ങളും പുറത്തുവന്ന രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.

പലരാജ്യങ്ങളില്‍ നിന്നും ഇടപാടുകാര്‍ക്ക് നികുതി ഒഴിവാക്കി നല്‍കുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ മാനേജ് ചെയ്യുക, എസ്‌ക്രോ അക്കൗണ്ടുകള്‍ ആരംഭിക്കുക, വിമാനങ്ങളും ഉല്ലാസ നൗകകളും കുറഞ്ഞ നികുതി നല്‍കി വാങ്ങുക, രാജ്യാന്തരമായി ദശലക്ഷങ്ങള്‍ കൈമാറുന്നതിനായി വിദേശ സങ്കേതങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് ആപ്പിള്‍ബൈ കമ്പനി ചെയ്യുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: