വധശ്രമക്കേസ്: സിവിൽ എക്സൈസ് ഓഫീസറെ സസ്പെൻഡ് ചെയ്തു

ഇരിട്ടി: മാതാപിതാക്കളെയും ഭാര്യയെയും പാചകവാതക സിലിൻഡർ തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ സിവിൽ എക്സൈസ് ഓഫീസറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ എം.മധു (48) വിനെയാണ് കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അഗസ്റ്റിൻ ജോസഫ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
വകുപ്പിന് നാണക്കേടുണ്ടാക്കുംവിധം പെരുമാറിയതിന് വകുപ്പുതല നടപടിയുടെ ഭാഗമായാണ് സസ്പെൻഷൻ. മാതാപിതാക്കളെയും ഭാര്യയെയും നിരന്തരം ഉപദ്രവിക്കുന്ന മധു സംഭവദിവസം രാവിലെ മൂന്നുപേരെയും പാചകവാതക സിലിൻഡർ തുറന്നുവിട്ട് അടുക്കളവാതിൽ അടച്ചിടുകയായിരുന്നു. ഭാര്യ അടുക്കളയിലുണ്ടായിരുന്ന സ്റ്റൂൾകൊണ്ട് വാതിലിന്റെ പൂട്ട് അടിച്ചു തകർത്ത് മാതാപിതാക്കളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.