പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ചു മറിഞ്ഞ് ഒമ്പത് മരണം

0

പാലക്കാട്: ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന്‌ പിറകിൽ ഇടിച്ചുമറിഞ്ഞ് ഒൻപതുപേർ മരിച്ചു. വടക്കഞ്ചേരിക്ക് സമീപം അഞ്ചുമൂർത്തി മംഗലത്താണ് അപകടം. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു

മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ അനൂപാണ്‌ (22) പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ മരിച്ചത്. വസ്ത്രത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽനിന്നാണ് പേരുവിവരം കിട്ടിയത്. ഇയാൾ സൂപ്പർഫാസ്റ്റിലെ യാത്രക്കാരനാണെന്ന് കരുതുന്നു.

അധ്യാപകനായ വിഷ്ണുവും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നുപേരുമാണ്‌ ആലത്തൂർ താലൂക്ക്‌ ആശുപത്രിയിൽ മരിച്ചത്‌. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത്‌ രാജും (24) അപകടത്തിൽ മരിച്ചു. ജില്ലാ ആശുപത്രിയിൽ മരിച്ച മറ്റു മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്

സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട്‌ അധ്യാപകരും ഒരു വിദ്യാർഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു രക്ഷാപ്രവർത്തനം.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ പിറവം സ്വദേശി എൽദോയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആകെ 10 പേരെയാണ് പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading