കേരളത്തിന്റെ സാധ്യതകള്‍ ഐടി, ടൂറിസം മേഖലകളില്‍: കെ സി വേണുഗോപാൽ

കണ്ണൂര്‍: കേരളം പോലെ ജനസാന്ദ്രത കൂടിയൊരു സംസ്ഥാനത്ത് ടൂറിസം, ഐടി മേഖലകളിലാണ്

ഇനിയങ്ങോട്ട് തൊഴില്‍ സാധ്യതകളെന്ന് കെ സി വേണുഗോപാല്‍ എംപി. പരിസരമലിനീകരണമുണ്ടാക്കുന്ന വ്യവസായസംരംഭങ്ങള്‍ ഒരിക്കലും കേരളത്തില്‍ പ്രായോഗികമല്ല. മൊബൈല്‍ ടവറുകള്‍ക്കെതിരേ പോലും ജനങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്ന കാലമാണിത്. ഈയൊരു സാഹചര്യത്തില്‍ ഐടി, ടൂറിസം മേഖലകളില്‍ മാത്രമാണ് കേരളത്തിന്റെ ഭാവിയെന്ന് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോ ഓപ്പറേറ്റീവ് സൊസൈറ്റി (മിറ്റ്‌കോ) നവീകരിച്ച ഓഫീസിന്റേയും സോളാര്‍ ഡിവിഷന്റേയും ഉദ്ഘാടനം താണ ദിനേശ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി രംഗം അത്ര സജീവമല്ലാത്ത ഒരു കാലഘട്ടത്തില്‍ സഹകരണമേഖലയില്‍ മിറ്റ്‌കോ പോലൊരു ഐടി സംരംഭം ആരംഭിക്കാന്‍ ഇതിന്റെ സംഘാടകര്‍ കാണിച്ച ദീര്‍ഘദര്‍ശിത്വത്തെ അദ്ദേഹം പ്രശംസിച്ചു.
മിറ്റ്‌കോ പ്രസിഡണ്ട് കെ പ്രമോദ് അധ്യക്ഷത വഹിച്ചു. സഹകരണമേഖലയില്‍ വൈവിധ്യവത്കരണം നടപ്പിലാക്കി വിജയിച്ച ദിനേശ് സഹകരണ സംഘം ചെയര്‍മാന്‍ സി രാജന്‍, സെക്രട്ടറി കെ പ്രഭാകരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ സി വേണുഗോപാല്‍ എം പി ഉപഹാരം നല്‍കി. മിറ്റ്‌കോയുടെ സര്‍വീസ് സപ്പോര്‍ട്ട് സോഫ്‌റ്റ്വെയര്‍ ഉദ്ഘാടനം ഡപ്യൂട്ടി രജിസ്ട്രാര്‍ എം കെ ദിനേശ്ബാബുവും ജനസേവനകേന്ദ്രം ഉദ്ഘാടനം കെവിഐബി പ്രൊജക്ട് ഓഫീസര്‍ എന്‍ നാരായണനും ജീവനക്കാര്‍ക്കുള്ള സിന്ധ്യ മെഡികെയര്‍ പദ്ധതി ഉദ്ഘാടനം വി എ നാരായണനും നിര്‍വഹിച്ചു.
ജനറല്‍ മാനേജര്‍ ജയ്‌സണ്‍ തോമസ് സ്വാഗതം പറഞ്ഞു. കെ സുരേന്ദ്രന്‍, സി എ അജീര്‍, എം എന്‍ രവീന്ദ്രന്‍, പി കെ വിനയകുമാര്‍, ജോസ് പ്രകാശ്, ടോമി ജോണ്‍, എം രാജു, എം വി സീത, മീറ വത്സന്‍, ഇ രുദ്രകുമാരി, കെ പി ജോഷില്‍ എന്നിവര്‍ പ്രസംഗിച്ചു. സോളാര്‍ വൈദ്യുതി ഉപയോഗം സംബന്ധിച്ച് കെ എസ് ഇ ബി റിട്ടയേഡ് എഇ ടി പി ലക്ഷ്മണന്‍ ക്ലാസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: