കണ്ണൂർ സ്വദേശി ഉൾപ്പെടെ ഒൻപതംഗ കവർച്ചാ സംഘം വീരാജ്പേട്ട പൊലീസിന്റെ പിടിയിൽ

2 / 100 SEO Score

 

ഇരിട്ടി : കണ്ണൂർ ,വടകര സ്വദേശികളായ രണ്ടുപേർ അടങ്ങുന്ന ഒൻപതംഗ കവർച്ചാ സംഘത്തെ വീരാജ്പേട്ട ഡി വൈ എസ് പി സി.ടി. ജയകുമാറിന്റെ നിർദ്ദേശപ്രകാരം സിറ്റി പോലീസ് ഓഫീസർ എച്ച്.എസ്. ബോജപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. വടകര ചോമ്പാല സ്വദേശി ജി . വൈഷ്ണവ് (22 ), കണ്ണൂർ ചക്കരക്കൽ സ്വദേശി കെ.വി. അഭിനവ് (20 ) എന്നിവരും കർണ്ണാടക സ്വദേശികളായ 7 പേരും അടങ്ങിയ ഒൻപതംഗ സംഘമാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച രണ്ട് കാറുകളിൽ നിന്നുമായി ഇരുമ്പ് വടികൾ, 8 കിലോ മെർക്കുറി, കത്തി , വടിവാൾ , മുളക്പൊടി തുടങ്ങിയവയും കണ്ടെടുത്തു.
ഞായറാഴ്ച പുലർച്ചെ 5 മണിയോടെ വീരാജ്പേട്ട – ഇരിട്ടി അന്തർ സംസ്ഥാന പാതയിൽ വീരാജ്പേട്ട ടൗണിന് സമീപം വെച്ചാണ് ഇവർ പിടിയിലാകുന്നത്. വീരാജ്പേട്ട – കണ്ണൂർ അന്തര്സംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡ് തുറന്നതോടെ ഇതുവഴി സഞ്ചരിക്കുന്നവരെ കൊള്ളചെയ്ത് പണവും സ്വർണ്ണവും മറ്റും തട്ടിയെടുക്കുക എന്ന ഉദ്ദേശമായിരുന്നു ഇവരുടേതെന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വിവരം ലഭിച്ചു. ഇരുപത് കിലോമീറ്ററോളം വരുന്ന മാക്കൂട്ടം ചുരം പാത കൊടും കാടുകളും വളവുകളും നിറഞ്ഞ വൈദ്യുതീകരിച്ചിട്ടില്ലാത്തപാതയാണ് . മൊബൈൽ റേഞ്ച് ഇല്ലാത്ത പാതയിൽ കിലോമീറ്റർ താഴ്ചയുള്ള നിരവധി കൊല്ലികളും സ്ഥിതിചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ കവർച്ചക്ക് ശേഷം ഇത്തരം കൊല്ലികളിലേക്ക് വാഹനങ്ങൾ അടക്കം തള്ളിയിട്ടാലും ആർക്കും എളുപ്പം അറിയാനും കഴിയില്ല. കവർച്ചക്കുള്ള തയ്യാറെടുപ്പുകൾക്കു മുൻപേ സംഘത്തെ പിടികൂടാനായത് വലിയ ആശ്വാസമായാണ് പോലീസ് കരുതുന്നത്. ഇതിന് പിന്നിൽ വേറെയും സംഘങ്ങൾ ഉള്ളതായി കരുതുന്നതായും അന്വേഷണം തുടരുന്നതായും സിറ്റി പോലീസ് ഓഫീസർ ബോജപ്പ അറിയിച്ചു.
പ്രതികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിനെത്തുടർന്ന് ഒരു കർണ്ണാടക സ്വാദേശിക്ക് പോസിറ്റേവ് ഫലം ലഭിച്ചതിനെത്തുടർന്ന് ഇയാളെ മടിക്കേരി കോവിഡ് സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി മടിക്കേരി ജയിലിലേക്കയച്ചു.
ഡി വൈ എസ് പി സി.ടി. ജയകുമാർ, സിറ്റി പോലീസ് ഓഫീസർ എച്ച്. എസ്. ബോജപ്പ എന്നിവരെ കൂടാതെ പോലീസ് ഓഫീസർ മാരായ ഗിരീഷ്, മുസ്തഫ, സന്തോഷ്, രജൻ കുമാർ, പോലീസ് ഡ്രൈവർ യോഗേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. മലയാളികളായ രണ്ടു പ്രതികളും കർണ്ണാടകയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് എന്നാണ് അറിയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: