ജലപരിശോധനയ്ക്കായി സ്‌കൂള്‍ ലാബുകള്‍ സജ്ജമാവുന്നു, ലാബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

5 / 100


ജലം പരിശോധിച്ച് അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി   സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലാബുകള്‍ സജ്ജമാകുന്നു. ഹരിത കേരള മിഷന്റെ നേതൃത്ത്വത്തിലാണ് സ്‌കൂളുകളില്‍ ജലഗുണതാ പരിശോധന ലാബുകള്‍ തയ്യാറാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് 12 മണിക്ക് അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ലാബുകള്‍ സജ്ജമാക്കുന്നത്. ജില്ലയില്‍ ആദ്യഘട്ടമെന്നോണം ധര്‍മടം മണ്ഡലത്തിലെ എട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളാണ് ജലഗുണതാ പരിശോധന സംവിധാനം സജ്ജമാക്കിയത്. ലാബുകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. കെമിസ്ട്രി അദ്ധ്യാപകനാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക. അധ്യാപകര്‍ക്ക് സംസ്ഥാനതലത്തിലായി ഓണ്‍ലൈന്‍ പരിശീലനം നല്‍കും. കിലയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ഹയര്‍ സെക്കണ്ടറി സയന്‍സ് വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പരിശോധനയുടെ ഭാഗമാകുന്നതിനായി ആവശ്യമായ പരിശീലനം നല്‍കും. പരിശീലനം നേടുന്ന കുട്ടികള്‍ക്കായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകളും ഏര്‍പ്പെടുത്തും.

ജലത്തിന്റെ നിറം,  ഗന്ധം,  പി എച്ച് മൂല്യം, വൈദ്യുത ചാലകത, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖരപദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം എന്നീ എട്ട് തരം പരിശോധനകളാണ് ലാബുകളില്‍ നടത്തുന്നത്. പരിശോധനയില്‍ ജലം ശുദ്ധമല്ലെന്നു കണ്ടെത്തുകയാണെങ്കില്‍ തുടര്‍ന്നുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും.
ജലം ശേഖരിക്കുന്നതിനുള്ള പരിശീലനം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കും. വാര്‍ഡ് തലത്തിലുള്ള പരിശോധന കുടുംബശ്രീ മുഖേനയോ മെമ്പര്‍ മുഖാന്തിരമോ നടത്തും. പൊതുജനങ്ങള്‍ക്ക് നേരിട്ടും പരിശോധനയ്ക്കായി സമീപിക്കാവുന്നതാണ്.   ആദ്യ ഘട്ടത്തില്‍ ആയിരം കിറ്റുകള്‍ പരിശോധനയ്ക്കായി ഹരിത കേരളം മിഷന്‍ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് ജനപ്രതിനിധികളുടെ ആസ്തി വികസന നിധിയില്‍ നിന്നുമായി ഇതിനായുള്ള തുക കണ്ടെത്തും.

ജില്ലയില്‍ അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എകെജി സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരളശ്ശേരി, ഇ കെ നായനാര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വേങ്ങാട്, മുഴപ്പിലങ്ങാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലയാട്, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാല, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാടാച്ചിറ,  എകെജി സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിണറായി എന്നിവിടങ്ങളിലെ ലാബുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്,  ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഹരിത കേരള മിഷന്‍ എക്‌സി വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ ടി എന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജീവന്‍ ബാബു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: