പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ട കുട്ടിക്കായി തിരച്ചിൽ തുടരുന്നു
കണ്ണൂർ ∙ പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസ്സുകാരനായി തിരച്ചിൽ തുടരുന്നു. തോട്ടട സമാജ്വാദി കോളനിയിലെ അജയ് നിവാസിൽ എം.മനോജ് – നിർമല ദമ്പതികളുടെ മകൻ അഖിലിനെയാണു കാണാതായത്. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സച്ചിൻ (9), വസന്ത് (11) എന്നിവരെ ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി. തോട്ടട വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഖിൽ. സഹോദരങ്ങൾ: അജയ്, ആകാശ്, നിഖിൽ. ലോട്ടറി തൊഴിലാളികളാണു കുട്ടിയുടെ മാതാപിതാക്കൾ. കോസ്റ്റൽ പൊലീസ്, മറീൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ മൂന്നു ബോട്ടുകളിലായാണു തിരച്ചിൽ. കണ്ണൂർ തഹസിൽദാർ വി.എം.സജീവൻ, കോസ്റ്റൽ പൊലീസ് സിഐ പി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന തിരച്ചിൽ മാഹി–തലശ്ശേരി കടൽമേഖലയിലേക്കും വ്യാപിപ്പിച്ചു. തിരച്ചിലിനു കോസ്റ്റ്ഗാർഡിന്റെ സഹായം തേടിയിട്ടുണ്ട്. ആവശ്യം വരികയാണെങ്കിൽ നേവിയുടെ സഹായം തേടുമെന്ന് എഡിഎം മുഹമ്മദ് യൂസഫ് അറിയിച്ചു