റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി: അഴീക്കോട് മണ്ഡലത്തിലെ പ്രവൃത്തികള്‍ വേഗത്തിലാക്കും


മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ അഴീക്കോട് മണ്ഡലത്തിലെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവൃത്തിയുടെ അവലോകന യോഗത്തിലാണ് തീരുമാനം.
അഴീക്കല്‍ ഫെറി, ബോട്ട് പാലം, വളപട്ടണം, കുമ്മായക്കടവ്, ഭഗത്‌സിംഗ് അയലന്റ്, പാറക്കല്‍, പാപ്പിനിശ്ശേരി വെസ്റ്റ് എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി ബോട്ടു ടെര്‍മിനലുകള്‍ നിര്‍മ്മിക്കുന്നത്. വളപട്ടണം, ബോട്ട്പാലം എന്നിവിടങ്ങളിലെ നിര്‍മ്മാണം 95 ശതമാനം പൂര്‍ത്തിയായി. പെയിന്റിംഗ്, സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ സജീകരിക്കല്‍, ഗ്രാനൈറ്റ് പതിക്കല്‍ എന്നിവയാണ് ഇവിടെ ബാക്കിയുള്ളത്. നാറാത്ത് പഞ്ചായത്തിലെ കുമ്മായക്കടവില്‍ 75 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. മേല്‍ക്കുര നിര്‍മ്മാണമാണ് ഇനി ബാക്കി. 80 ശതമാനം പൂര്‍ത്തിയായ പാറക്കലില്‍ മരപ്പണി ബാക്കിയാണ്. ഇത് സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കും. അഴീക്കല്‍ ഫെറിയിലെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ബോട്ട് ടെര്‍മിനലുകളുടെ നിര്‍വ്വഹണ ചുമതല ടൂറിസം വകുപ്പ് ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് നല്‍കിയിട്ടുള്ളത്.
ഇതോടൊപ്പം അനുബന്ധ ടൂറിസം പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ ആണ് ടൂറിസം പദ്ധതികള്‍ക്ക് ആവശ്യമായ പ്രവൃത്തി നടത്തുക. വളപട്ടണത്ത് മിനി ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റ് നിര്‍മ്മിക്കും. നടപ്പാതകള്‍, കഫറ്റീരിയ, പാര്‍ക്കിംഗ് യാഡുകള്‍, ബയോ ടോയിലറ്റുകള്‍, പൂന്തോട്ടം, മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ എന്നിവയും ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
ചിറക്കല്‍ സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാര്‍, വപട്ടണം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എ ടി മുഹമ്മദ് ഷഹീര്‍, ടൂറിസം വകുപ്പ് ഡി ഡി കെ എസ് ഷൈന്‍, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, ടൂറിസം എ ടി ഐ ഒ കെ സി ശ്രീനിവാസന്‍, ഉള്‍നാടന്‍ ജല ഗതാഗത ഉപവിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ സിന്ധു തൈവളപ്പില്‍, കെല്‍ സൈറ്റ് എന്‍ജിനീയര്‍ വി ഒ റിഷിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: