വ്യാജവാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കും

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കെതിരെ തുടർച്ചയാകുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു. നിക്ഷിപ്ത താത്പ്പര്യക്കാർക്ക് വേണ്ടിയെന്നോണമാണ് മാധ്യമങ്ങളെന്ന് പറയുന്ന ചിലർ വാർത്ത ചമയ്ക്കുന്നത്. ആവർത്തിച്ചുള്ള വസ്തുതാ പരിശോധന മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാണെന്നത് പറയേണ്ടതായിട്ടില്ല. എന്നാലിവിടെ, നിർലജ്ജം വ്യാജവാർത്തകൾ തുടരെയാക്കുകയാണ്. സാധാരണക്കാരുടെയുൾപ്പടെ ആശ്രയകേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകർക്കുന്നതിനുള്ള ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെ ഗൂഢലക്ഷ്യം പുറത്തുവരികതന്നെ വേണം.

14 ബെഡുള്ള ഐ.സി.യുവിൽ 30 ബെഡ് കണ്ടെന്നെല്ലാം വിവാദ പോസ്റ്റുമായി കഴിഞ്ഞദിവസം വന്നയാൾ, കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ജൂലൈ 22 ന്, അതേ ഐ.സി.യുവിൽ, ആ രോഗിക്ക് തൊട്ടടുത്തുണ്ടായിരുന്ന ചന്ദ്രമതി എന്ന രോഗിയുടെ മക്കളുടെ വെളിപ്പെടുത്തൽ എന്നുപറഞ്ഞാണ് പുതിയ വാർത്ത വന്നിരിക്കുന്നത്. എന്നാൽ ഇപ്പറഞ്ഞ എം.ഐ.സി.യുവിൽ ചന്ദ്രമതി എന്ന പേരിലൊരു രോഗി പ്രസ്തുത തീയ്യതിയിലോ, സമീപ ദിവസങ്ങളിലോ, ജൂലൈ മാസത്തിലോ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ആശുപത്രിയിലെ ഒരു ഐ.സി.യുവിലും ചന്ദ്രമതി എന്നപേരിൽ ഒരു രോഗി ആ ഘട്ടത്തിൽ ഉണ്ടായിരു ന്നില്ല. പിന്നെങ്ങനെ ജൂലൈ 22 ന് അഡ്മിറ്റായ ആളുമായി ചന്ദ്രമതിയുടെ മക്കൾ സംസാരിക്കും.?

ആശുപത്രി പ്രവർത്തനത്തിന്റെ ഭാഗമായി നിരന്തരം മറുപടി പറഞ്ഞുപോവുക എന്നത് സാധിച്ചെന്ന് വരില്ല. കോവിഡ് രോഗികളും കോവിഡേതര രോഗികളും വർദ്ധിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ പ്രത്യേകിച്ചും അതിനായി സമയം കണ്ടെത്തുക പ്രയാസകരമാണ്. അതുകൊണ്ടാണ്, അജണ്ട നിശ്ചയിച്ചെന്നോണം വാർത്തചമച്ച് പ്രചരിപ്പിക്കുന്നതിനെതിരെയെല്ലാമായി കഴിഞ്ഞദിവസം വാർത്താക്കുറിപ്പിറക്കിയത്. ആ വാർത്താക്കുറിപ്പുവെച്ച് ആസൂത്രിതമായെന്നോണം തിരക്കഥയൊരുക്കിയാണ് പുതിയവാർത്ത ചമച്ചിരിക്കുന്നത് എന്ന് കരുതണം.

പ്രായം ചെന്നതുൾപ്പടെയുള്ള വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ അതീവ റെസ്റ്റ്‌ലെസ് ആയിരിക്കുമ്പോൾ, വെന്റിലേറ്റർ വലിച്ചുകളഞ്ഞ് രോഗിയുടെ ജീവന് അപകടം സംഭവിക്കാതിരി ക്കാൻ ബൈൻഡറുകൾ വച്ച് അവരെ റെസ്‌ട്രെയിൻ ചെയ്യുന്നത് ലോകത്തെവിടേയുമുള്ള ഐ.സി.യു ചികിത്സയുടെ ഭാഗമാണെന്നത് അത്യാവശ്യം ധാരണയുള്ളവർക്ക് അറിയുന്നതാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് റൈൽസ്ട്യൂബ് വഴി ആഹാരം നൽകി വരുന്നതും സാധാരണ ചികിത്സാരീതിയുടെ ഭാഗം തന്നെയാണ്. ഇക്കാര്യം ജനങ്ങൾക്ക് മനസ്സിലായതോടെ, തങ്ങൾ നൽകിയ വ്യാജവാർത്തയെ സാധൂകരിക്കാൻ പുതിയകള്ളവാർത്തയുമായി അതേ മാധ്യമം രംഗത്തെത്തിയതാണ് കഴിഞ്ഞദിവസം കണ്ടത്. ആദ്യവാർത്തയിൽ നിന്നും വ്യത്യസ്തമായി പുതിയ പ്രചരണം എന്നത് ഐ.സി.യുവിൽ രോഗികളെ കെട്ടിയിട്ട് ജീവനക്കാരെല്ലാം പോകുന്നു എന്നാണ്. മരിക്കും വരെ മലമൂത്ര വിസർജ്ജനമുൾപ്പടെ ആരും ശ്രദ്ധിക്കാനില്ലാതെയെന്നോണം കിടക്കയിൽത്തന്നെ എന്നരീതിയിലും ഭക്ഷണം നൽകുന്നില്ല എന്നുമെല്ലാം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.

ഐ.സി.യുവിൽ എന്നല്ല, തുറസ്സായ ഒരിടത്ത് ഒന്നിലേറെപ്പേർ ഉള്ളിടത്ത് മലമൂത്ര വിസർജ്ജനം ഉൾപ്പടെ വൃത്തിയാക്കാതെ ഇട്ടാൽ അങ്ങോട്ട് പിന്നെ പ്രവേശിക്കാൻ സാധിക്കുമോ..? കോവിഡ് രോഗിയുടെ മലമൂത്ര വിസർജ്ജനം ഉൾപ്പടെ വൃത്തിയാക്കുന്നില്ലെന്ന് തട്ടിവിടും മുമ്പ്, അത് ചെയ്ത് വരുന്ന ആരോഗ്യപ്രവർത്തകരുടെ മനസ്സിന്റെ നന്മ കാണാൻ കഴിയാത്തത് ഇത്തരക്കാരുടെയുള്ളിൽ ഇത്തിരിനന്മപോലും ബാക്കിയാകാത്തത് കൊണ്ടായിരിക്കണം എന്നേ കരുതാൻ കഴിയൂ. ആരോഗ്യ പ്രവർത്തകർ ചെയ്യുന്ന ആ പ്രവൃത്തി സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ദിവസമെങ്കിലും ഏറ്റെടുക്കാനുള്ള മനസ്സ് ഇനിയും ഇല്ലാക്കഥ പ്രചരിപ്പിക്കാൻ തയ്യാറാകും മുമ്പ് ഇത്തരം ന്യൂസ് സംഘത്തിനുണ്ടാകുമോ..?

ഒന്നരവർഷമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് കൊവിഡ് രോഗികൾക്കുള്ള ഭക്ഷണം സൗജന്യമായി നൽകിവരുന്നത് ഇപ്പോഴും തുടരുന്നുണ്ട്. കൃത്യമായി പാക്ക് ചെയ്ത് സമയത്തുതന്നെ അത് എത്തിച്ചുവരുന്നു. ഭക്ഷണം ലഭ്യമാക്കുന്നില്ലെന്ന് തെറ്റായി പ്രചരിപ്പിക്കുന്നവർ, പുതിയ നുണ പ്രചരിപ്പിക്കുന്നതിനുപകരം, നല്ലമനസ്സ് കൈമോശം വന്നിട്ടില്ലെങ്കിൽ യാഥാർത്ഥ്യം മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. കൂടാതെ, റൈൽസ് ട്യൂബ് വഴി ഭക്ഷണം കൊടുക്കുന്ന രോഗികൾക്ക്, പ്രത്യേകമായി തയ്യാറാക്കിയ ന്യൂട്രിമിക്‌സും പരിയാരത്ത്‌ നൽകുന്നുണ്ട്‌ എന്നതും കാണണം.

ചന്ദ്രമതിയുടെ മക്കൾ എന്നുപറഞ്ഞ് വാർത്താസംഘം പരിചയപ്പെടുത്തുന്നവർ, രണ്ടുതവണ പി.പി.ഇ കിറ്റിട്ട് രോഗിയെ കണ്ടു എന്നും, അപ്പോൾ ആദ്യവാർത്തയിൽ പറഞ്ഞയാൾ ഐ.സി. യുവിലെ അടുത്ത കിടക്കയിൽ ഉണ്ടായിരുന്നു എന്നും, അദ്ദേഹമാണ് ചന്ദ്രമതി എന്ന രോഗി ഭക്ഷണത്തിനായി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത് അറിയിച്ചതെന്നും പറയുന്നുണ്ട്. കഴിഞ്ഞ വിവാദ വാർത്തയിൽ പറഞ്ഞിരിക്കുന്നയാൾ അഡ്മിറ്റായിരിക്കുന്ന ജൂലൈ 22 നോ, അദ്ദേഹം ഡിസ്ചാർജ്ജായതിനുശേഷമോ, ജൂലൈ മാസത്തിലോ ചന്ദ്രമതി എന്ന രോഗി പരിയാരത്ത് മരണപ്പെട്ടിട്ടില്ല എന്നിരിക്കെ, ആരെയാണ് ഈ ന്യൂസ് സംഘം എന്നുപറയുന്നവർ കൊലപ്പെടുത്തിയത്..? തുടർച്ചയായി ആർക്കോ വേണ്ടിയെന്നോണം എന്തുനുണയും നിർലജ്ജം തട്ടിവിടുന്ന വരെ സമൂഹം തിരിച്ചറിയണം.

സർക്കാർ ആശുപത്രികൾ സംരക്ഷിക്കപ്പെടേണ്ടത് സാധാരണക്കാർ ഉൾപ്പടെയുള്ളവരുടെ ആവശ്യമാണ്. നാടിന്റെ താത്പ്പര്യം മറന്നും, മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് തകർക്കുന്ന വിധവും പെരുമാറുന്ന ഇത്തരം കള്ളവാർത്താ സംഘത്തിനെതിരെ പത്രപ്രവർത്തക യൂണിയനും നിലപാട് സ്വീകരിക്കണം. കഴിഞ്ഞ ഒന്നരവർഷത്തിലധികമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിൽക്കുന്ന ആരോഗ്യപ്രവർത്തകരും രോഗികൾക്ക് കൃത്യമായി ഭക്ഷണം പാർസൽ ചെയ്ത് സമയത്ത് എത്തിച്ചുകൊടുക്കുന്ന കമ്യൂണിറ്റി കിച്ചണിന്റെ ഭാഗമായവരും, ദുഷ്ടലാക്കോടെ ചിലർ ചെയ്യുന്ന തെറ്റായ പ്രചരണങ്ങളിൽ തകർന്നുപോകരുതെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ട മൂന്നാം തരംഗഘട്ടമാണ് മുന്നിലുള്ളതെന്നത് പ്രത്യേകം ഓർമ്മിക്കണമെന്നും മെഡിക്കൽ സൂപ്രണ്ട് അഭ്യർത്ഥിച്ചു. ആശുപത്രിയെ തകർക്കും വിധമുള്ള വ്യാജവാർത്തയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് അടുത്തദിവസംതന്നെ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: