കൊവിഡ് പ്രതിരോധം: ഹോം ഐസൊലേഷനും ക്വാറന്റൈനും ഉറപ്പാക്കാന്‍ ഡിപിസി നിര്‍ദ്ദേശം

ജാഗ്രതാ സമിതിയും ആര്‍ആര്‍ടിയും ശക്തമാക്കാനും നിര്‍ദ്ദേശം

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോസിറ്റീവ് രോഗികളുടെ ഹോം ഐസൊലേഷനും സമ്പര്‍ക്കത്തിലുള്ളവരുടെ ക്വാറന്റൈനും ശക്തിപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് തീരുമാനം. കൊവിഡിന്റെ തുടക്ക കാലത്ത് ഉണ്ടായിരുന്ന ജാഗ്രത ഇടക്കാലത്ത് അല്‍പം കൈമോശം വന്നതായി പി പി ദിവ്യ പറഞ്ഞു. ഇത് തിരിച്ചുപിടിക്കാന്‍ എല്ലാവരും കൈകോര്‍ക്കണം. തങ്ങളുടെ പ്രദേശങ്ങളില്‍ രോഗവ്യാപനം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താനാണ് തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
ഹോം ഐസൊലേഷനിലും ക്വാറന്റൈനിലും കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നില്ലെന്ന് വാര്‍ഡ്തല ജാഗ്രതാ സമിതികളും ആര്‍ആര്‍ടികളും ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തുകയും ഇതിന്റെ പ്രതിദിന റിപ്പോര്‍ട്ട്  തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി അയക്കുകയും വേണം. ആവശ്യമായ ഇടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് താമസിക്കുവാനുള്ള ഡിസിസികള്‍ വാര്‍ഡ് തലത്തില്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം. കൊവിഡ് നിയന്ത്രിക്കുന്നതിനായി ആദ്യഘട്ടത്തില്‍ നടപ്പാക്കിയത് പോലെ രോഗികളുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ കൃത്യമായ പട്ടിക എത്രയും വേഗം തയ്യാറാക്കി അവരെ ആര്‍ടിപിസിആര്‍ പരിശോധനക്കു വിധേയരാക്കണം. ഈ കാര്യങ്ങള്‍ക്ക് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ നേതൃത്വം നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വാക്‌സിന്‍ വിതരണം ജനസംഖ്യാനുപാതികമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ഓണക്കാലത്ത് രോഗവ്യാപനം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും നല്ല രീതിയിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പുവരുത്തണം. കൊവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നത്. രോഗബാധയുണ്ടായി 10 ദിവസം വരെ വൈറസ് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. അതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ബിജുപ്രഭാകര്‍, ഡിപിസി അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: