നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് നാട്ടുകാർ മയക്കുമരുന്ന് പിടികൂടി


പഴയങ്ങാടി: പുതിയങ്ങാടി തലക്കലെ പള്ളിക്ക് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് നാട്ടുകാർ ഒരു കിലോഗ്രാം വരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടികൂടി. അപരിചിതർ വരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ സംഘടിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്‌. വില്പനയ്ക്കായി എത്തിച്ച കഞ്ചാവ്, ഗുളിക എന്നിവ ചെറു പായ്ക്കറ്റുകളിലാക്കി നിറയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവ പിടികൂടുന്നത്.

മൂന്ന് പേർ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ എത്തി മയക്കുമരുന്ന് കസ്റ്റഡിയിലെടുത്തു. നാട്ടുകാരെ കണ്ട് മയക്കുമരുന്ന് ഉപേക്ഷിച്ച് പോയ മൂവർസംഘം പിന്നീട് തിരിച്ചെത്തി നാട്ടുകാരെ ഭീഷണിപെടുത്തിയതായും പറയുന്നു. പുതിയങ്ങാടി, ഇട്ടമ്മൽ, സി.കെ റോഡ്, അങ്ങാടി എന്നിവിടങ്ങളിൽ ഇതിനായി ചില സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും യുവാക്കളും വിദ്യാർത്ഥികളടക്കമുള്ളവരാണ് ഇതിന്റെ കണ്ണികളെന്നും നാട്ടുകാർ പറയുന്നു.

മൂന്ന് മാസങ്ങൾക്ക് മുമ്പ് കഞ്ചാവ് വില്പന സംഘത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ പുതിയങ്ങാടി സി.കെ. റോഡിൽ വച്ച് രണ്ട് പേരെ അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സംഘത്തിലെ അഞ്ച് പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. കണ്ണൂർ സർക്കിൾ പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ.വി.പി, ഷജിത്ത് കണ്ണിച്ചി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ദിലീപ്. സി.വി എന്നിവർ എത്തിയാണ് മയക്കുമരുന്ന് കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: