കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടി;വട്ടപ്പറമ്പിൽ ഡെപ്യൂട്ടി റെയിഞ്ചർ ഉൾപ്പെട്ട വനപാലക സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചു

8 / 100

ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ ഒരുമാസത്തിനിടയിൽ കാട്ടാനക്കൂട്ടം എത്തിയത് 26 തവണ. കാട്ടനശല്യം മൂലം പൊറുതിമുട്ടിയ ജനങ്ങൾ സംഘടിച്ച് ഡെപ്യൂട്ടി റെയിഞ്ചർ ഉൾപ്പെട്ട വനപാലക സംഘത്തെ തടഞ്ഞുവെച്ചു. തങ്ങളുടെ ജീവിതമാർഗ്ഗമായ കാർഷിക വിളകൾ മുഴുവൻ നശിപ്പിക്കുന്നതിൽ രോഷാകുലരായ കർഷകർ കോവിഡ് നിയമങ്ങളെല്ലാം മാറ്റിവെച്ച് സംഘടിച്ചത് അധികൃതരെയും ഞെട്ടിച്ചു. അൻപതോളം പേർ അടങ്ങുന്ന പ്രദേശവാസികളായ കർഷകരുടെ സംഘമാണ് വ്യാഴാഴ്ച രാവിലെയോടെ വനപാലകരെ തടഞ്ഞുവെച്ചത്.

ജനവാസ മേഖലയായ വട്ടപ്പറമ്പിൽ കാട്ടാന ഉണ്ടെന്നറിഞ്ഞ എത്തിയതായിരുന്നു വനം വകുപ്പ് റാപ്പിഡ് റസ്‌പോൺസ് ടീം ഡപ്യുട്ടി റെയിഞ്ചർ വി.ഹരിദാസന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം. ഇവരെ തടഞ്ഞുവെച്ചവർക്ക് പിൻതുണയുമായി കൂടുതൽ പേർ എത്തിയതോടെ സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും നാളിതുവരെയായി തങ്ങൾക്കുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം ഡി എഫ് ഒ നേരിട്ടെത്തി ഉറപ്പു നൽകണമെന്നുമായിരുന്നുകർഷകരുടെ ആവശ്യം. പഞ്ചായത്തംഗങ്ങളായ ജിമ്മി അന്തിനാട്, ജോഷി പാലമറ്റം , അരവിന്ദൻ അ്ക്കാനിശേരി , ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് , വെളിമാനം സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ ജോർജ് കളപ്പുരയിൽ ഉൾപ്പെടെയുള്ളവർ പിൻതുണയുമായി എത്തി.ആറളം എസ് ഐ പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ പ്രതിനിധിയായി അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ സോളമൻ പി.ജോർജ്ജ് , കണ്ണൂർ ഡി എഫ് ഒ പ്രതിനിധിയായി പി. ബിനു എന്നിവരടങ്ങിയ വാനപാലസംഘം സ്ഥലത്തെത്തി കർഷകരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ് ഉണ്ടായത്.

വട്ടപ്പറമ്പ് മേഖലയിലേക്ക് മാത്രമായി ആർ ആർ ടിയുടെ ഒരു വാഹനവും ജീവനക്കാരെയും നൽകാമെന്നും മുടങ്ങിക്കിടക്കുന്ന നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന് ആറളം ഫാമിൽ കാട് മൂടി കിടക്കുന്ന പ്രദേശം വെട്ടി തെളിയിക്കുന്നതിന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി . ആന മതിൽ അടിയന്തരമായി യാഥാർത്ഥ്യമാകുന്നതിന് നടപടി സ്വീകരിക്കും.

പ്രഖ്യാപനങ്ങളിൽ വീഴ്ചവരുത്തിയാൽ സമരം രൂക്ഷമാകുമെന്നും ഉറപ്പും നൽകി.

ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് ആറളം ഫാം വഴി പുഴ കടന്നാണ് ആനക്കൂട്ടം വട്ടപ്പറമ്പ് മേഖലയിൽ സ്ഥിരമായി എത്തുന്നത്. ബുധനാഴ്ച്ച രാത്രിയും വട്ടപ്പറമ്പിൽ എത്തിയ ആനക്കൂട്ടം പനക്കൽ പതാലിൽ ഷിന്റോയുടെ 100 കപ്പയും 25 വാഴയും അന്തിനാട് മാത്യുവിന്റെ 100 കപ്പയും മുളൻകുഴി തോമസിന്റെ നൂറിലധികം വാഴകളും വെട്ട് കല്ലാംകുഴി ആൻറണിയുടെ കൊക്കോയും നശിപ്പിച്ചു. ഫാം മൂന്നാം ബ്ലോക്കിൽ തമ്പടിക്കുന്ന ആനക്കൂട്ടം രാ്ത്രി വൈകിയാണ് പുഴ കടന്ന് ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഒരു വർഷം മുൻമ്പ് ഇതേ പ്രശ്‌നം ഉന്നയിച്ച് ആറളം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡനെ മണിക്കൂറുകളേളം ഉപരോധിച്ചിരുന്നു. മേഖലയിൽ ആന എത്താതിരിക്കാനുള്ള മുൻകരുതൽ എടുക്കാമെന്ന ഉറപ്പിൻമേലാണ് അന്ന് സമരം അവസാനിപ്പിച്ചത്.

കാട്ടന ഇറങ്ങുന്നതിന്റെ പേരിൽ വനം വകുപ്പ് ജീവനക്കാരെ ബന്ദിയാക്കിവെച്ചുകൊണ്ടുള്ള പ്രതിഷേധ രീതിയോട് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധിച്ചു. ജനവാസ മേഖലയിൽ ഉണ്ടാകുന്ന വന്യമൃഗശല്യം തടയാൻ ആവശ്യമായ പ്രതിരോധ മാർഗ്ഗങ്ങളാണ് വേണ്ടത്.ഇതിന്റെ പേരിൽ ജീവനക്കാരെ ബലിയാടക്കുന്ന സമീപനമാണ് എല്ലാവരിൽ നിന്നും ഉണ്ടാകുന്നതെന്നും അസോസിയേഷൻ ആരോപിച്ചുs

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: