കൊവിഡ് 19: സ്‌കൂള്‍ കുട്ടികള്‍ക്ക് രണ്ടേകാല്‍ ലക്ഷത്തിലേറെ കിറ്റുകള്‍ നല്‍കി

ഉച്ചഭക്ഷണ കിറ്റ് വിതരണം ഈയാഴ്ച പൂര്‍ത്തിയാകും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ജില്ലയില്‍ അവസാന ഘട്ടത്തിലെത്തിയതായി ജില്ല സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍ അറിയിച്ചു. 231000 കിറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 95 ശതമാനം കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

കണ്ണൂര്‍ താലൂക്കിലെ ഭക്ഷ്യ കിറ്റുകളുടെ വിതരണം ഇതിനോടകം പൂര്‍ത്തിയായി. പ്രീ പ്രൈമറി വിഭാഗത്തില്‍ 2674ഉം എല്‍ പി വിഭാഗത്തില്‍ 35811 ഉം യു പി വിഭാഗത്തില്‍ 24367 കിറ്റുകളുമടക്കം 62852 ഭക്ഷ്യധാന്യ കിറ്റുകളാണ് കണ്ണൂര്‍ താലൂക്കില്‍ വിതരണം ചെയ്തത്. തലശ്ശേരി താലൂക്ക് പരിധിയിലെ വിദ്യാലയങ്ങളില്‍ 93993 കിറ്റുകളും തളിപ്പറമ്പ് താലൂക്കില്‍ 68500 കിറ്റുകളും ഇതിനകം വിതരണം ചെയ്തു. തളിപ്പറമ്പ് താലൂക്കില്‍ 1049 കിറ്റുകളാണ് ഇനി വിതരണം ചെയ്യാനുള്ളത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാക്കിയുള്ള കിറ്റുകള്‍ ഈയാഴ്ച തന്നെ വിതരണം ചെയ്യും.

പ്രീ പ്രൈമറി വിഭാഗത്തിന് 1.2 കിലോഗ്രാം അരിയും, 261 രൂപയുടെ പല വ്യഞ്ജനങ്ങളും, പ്രൈമറി കുട്ടികള്‍ക്ക് നാല് കിലോഗ്രാം അരിയും 261 രൂപയുടെ പല വ്യഞ്ജനങ്ങളും, യു പി വിഭാഗത്തിന് ആറ് കിലോഗ്രാം അരി, 391 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് നല്‍കുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ്, തുടങ്ങി ഒമ്പത് ഇനങ്ങളാണ് അരിയ്ക്കു പുറമെ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: