കണ്ണൂരിലെ റോ‍ഡിൽ കുഴികളടക്കാന്‍ ജെസിബി ഓടിക്കുമ്പോൾ പുതിയ കുഴികൾ’; അന്വേഷണം ആവശ്യപ്പെട്ട് എംവി ജയരാജൻ

0

കണ്ണൂ‌ർ: അശാസ്ത്രീയമായ നിര്‍മാണപ്രവൃത്തികള്‍ മൂലം പൂര്‍ണ്ണമായും തകര്‍ന്ന കണ്ണൂര്‍ കോര്‍പ്പറേഷനിലെ റോഡ് നിര്‍മാണത്തിലെ അപാകതകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. കണ്ണൂര്‍ കോര്‍പ്പറേഷനിലെ റോഡുകള്‍ മഴയൊന്ന് വന്നപ്പോള്‍ തന്നെ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകതകളാണ് കാരണം. സീവേജ് പ്ലാന്‍റിലേക്കുള്ള പൈപ്പ് ലൈന്‍ പണിയാനായി റോഡുകള്‍ കീറിമുറിച്ചതിന് ശേഷം നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ കൃത്യമായ അളവില്‍ ഉപയോഗിക്കാതെയാണ് നടത്തിയിട്ടുള്ളത്. അന്നുണ്ടായ കുഴി പൂര്‍ണ്ണമായും അടച്ചുകൊണ്ടല്ല നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയത്. അതുകൊണ്ട് മാത്രമാണ് മുമ്പുണ്ടായിരുന്നതിനെക്കാള്‍ ആഴത്തില്‍ ഇപ്പോള്‍ കുഴികള്‍ രൂപപ്പെട്ടത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ റോഡുകളില്‍ മധ്യഭാഗത്ത് തന്നെ രൂപപ്പെട്ട കുഴികളില്‍ വീണ് പരിക്കുപറ്റിയവര്‍ നിരവധിപേരാണെന്നും ജയരാജൻ പറഞ്ഞു. അഴിമതി മാത്രം ലക്ഷ്യമാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് തന്നെ പരസ്യമായി വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് മേയര്‍ പദവി ഒഴിയാത്തതിന്‍റെ കാരണം ഭരണമുപയോഗിച്ച് അഴിമതിപ്പണം ഉണ്ടാക്കണമെന്ന അതിമോഹം കൊണ്ട് മാത്രമാണ്.

ഇപ്പോള്‍ ദ്രുതഗതിയില്‍ കുഴികള്‍ അടക്കുന്നത് സിമന്‍റും ജില്ലിയും ചേര്‍ന്നുള്ള മിശ്രിതമുപയോഗിച്ചാണ്. മഴ പെയ്യുമ്പോള്‍ റോഡുകളില്‍ സിമന്‍റ് ഒലിച്ചുപോയി ജില്ലി മാത്രം അവശേഷിക്കുകയാണ്. മാത്രമല്ല, കുഴികളടക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ജെസിബി ഓടിക്കുമ്പോള്‍ പുതിയ കുഴികള്‍ രൂപപ്പെടുന്ന തരത്തില്‍ അങ്ങേയറ്റം നിരുത്തരവാദ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.

ഇപ്പോള്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ നാട്ടുകാരുടെ കണ്ണില്‍പൊടിയിടാനുള്ള മാര്‍ഗം മാത്രമാണ് എന്ന് സംശയലേശമന്യേ ആര്‍ക്കും ബോധ്യമാകും. താളിക്കാവ് അടക്കമുള്ള തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്ര അപകടമുണ്ടാക്കുന്നതാണ്. പല റോഡുകളിലും നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത് ഗതാഗതം വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. റോഡ് നിര്‍മാണത്തിലെ അപാകതകളെക്കുറിച്ച് എത്രയും പെട്ടെന്ന് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണം.

കനത്ത മഴയെത്തുടര്‍ന്ന് നിര്‍മാണത്തിലിരിക്കുന്നദേശീയപാതയുടെ എളയാവൂര്‍ സൗത്ത് മേഖലയിലെ ഇരുഭാഗങ്ങളും തകര്‍ന്നിരിക്കുകയാണ്. പ്രസ്തുത റോഡിന്‍റെ ഇരുഭാഗത്തുമുള്ള വീടുകളും അപകടാവസ്ഥയിലാണ്. അവരെ പുനരധിവസിപ്പിക്കാന്‍ ദേശീയപാതാ അതോറിറ്റി നടപടി സ്വീകരിക്കണം. 300 മീറ്റര്‍ നീളത്തില്‍ റോഡിന്‍റെ ഇരുഭാഗത്തും ഉടന്‍ തന്നെ കോണ്‍ക്രീറ്റ് മതില്‍ സ്ഥാപിക്കുന്നില്ലെങ്കില്‍ വീടുകള്‍ക്ക് സുരക്ഷയുണ്ടാവില്ല.

കാലവര്‍ഷം ശക്തിപ്പെടുന്തോറും അപകടം വര്‍ധിക്കാനാണ് സാധ്യത. 180ലേറെ വര്‍ഷത്തെ പഴക്കമുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മതില്‍ 25 മീറ്റര്‍ നീളത്തില്‍ തകര്‍ന്നിട്ടുണ്ട്. തടവുകാരെ പാര്‍പ്പിക്കുന്നതാണ് ജയില്‍ എന്നതിനാല്‍ അടിയന്തിരമായും മതില്‍ പുതുക്കിപ്പണിയണം. അതുവരെ ആവശ്യമായ സംരക്ഷണം ജയിലിനകത്തും പുറത്തും ഒരുക്കുകയും വേണമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: