എല്ലാ ഓഫീസുകളിലും ഫയൽ അദാലത്ത് സെൽ രൂപീകരിക്കണം: ജില്ലാ കലക്ടർ

എല്ലാ ഓഫീസുകളിലും കുടിശ്ശിക ഫയൽ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് സെൽ രൂപീകരിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശിച്ചു. ഓഫീസ് മേധാവികളുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനമാകാൻ ബാക്കിയുളള ഫയലുകളിൽ തീരുമാനമെടുക്കുകയെന്നതാണ് ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി എല്ലാ വകുപ്പുകളും കർമ പദ്ധതി തയ്യാറാക്കി പ്രവർത്തനത്തിന് സമയക്രമം നിശ്ചയിക്കണം. ഇതനുസരിച്ച്് പ്രവർത്തനം നടക്കുന്നുവെന്ന് ഓഫീസുകളിലെ ഫയൽ അദാലത്ത് സെൽ നിരീക്ഷിച്ച് ഉറപ്പുവരുത്തണം.

ക്ഷേമ പദ്ധതികളിലെ ആനുകൂല്യം പോലുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നിയമപ്രശ്‌നങ്ങളുള്ളതോ ചട്ടപ്രകാരം ചെയ്യാൻ കഴിയാത്തതോ ആണെങ്കിൽ ഇക്കാര്യം കൃത്യമായി വിശദീകരിച്ച് ബന്ധപ്പെട്ട അപേക്ഷകന് മറുപടി നൽകണമെന്നും നിർദേശിച്ചു. 

എല്ലാ വകുപ്പുകളും തീർപ്പാക്കിയ ഫയലുകൾ സംബന്ധിച്ച വിവരം ക്രോഡീകരിച്ച് ജില്ലാ കലക്ടറേറ്റിലേക്ക് നൽകണം. ജില്ലാ തലത്തിൽ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ ഇത് അവലോകനം ചെയ്യും.

സെപ്റ്റംബറോടെ എല്ലാ ഓഫീസുകളിലെയും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം.  ജൂലൈ മൂന്ന് ഞായറാഴ്ച കണ്ണൂർ ജില്ലയിൽ ഓഫീസുകൾ പ്രവർത്തിച്ചിരുന്നു. ഇൗ ദിവസം ജില്ലയിലാകെ 5658 ഫയലുകൾ തീർപ്പാക്കാനായി. ഇതിൽ സഹകരിച്ച മുഴുവൻ ജീവനക്കാരെയും കലക്ടർ അഭിനന്ദിച്ചു. ഡെപ്യൂട്ടി കലക്ടർ (എൽഎ) ടി വി രഞ്ജിത്, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: