കശുവണ്ടി കൃഷിയുടെ പ്രതാപം തിരിച്ചുപിടിക്കാൻ മാലൂർ

ഏക്കറുകളോളം പരന്നു കിടക്കുന്ന കശുമാവിൻ തോപ്പുകളും ഇടവിളയായി കൈതച്ചക്കയുമായി കശുവണ്ടി ഉൽപാദനത്തിൽ മുന്നേറിയ ഒരു കാലമുണ്ടായിരുന്നു മാലൂരിന്. റബറിന് വഴിമാറി കാലത്തിനൊപ്പം കൈവിട്ട് പോയ കശുവണ്ടിയുടെ പ്രതാപം ‘വിളഗ്രാമം’ പദ്ധതിയിലൂടെ തിരിച്ചു പിടിക്കാനാൻ ഒരുങ്ങുകയാണ് മാലൂർ.
പഞ്ചായത്തിലെ എല്ലാ വീടുകളിലും കശുമാവിൻ തൈകൾ നൽകി കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 2022-2023 സാമ്പത്തിക വർഷത്തിൽ അഞ്ചു ലക്ഷം രൂപ പഞ്ചായത്ത്് മാറ്റിവെച്ചിട്ടുണ്ട്. കൃഷി ഭവൻ മുഖേന സൗജന്യമായാണ് ബഡ് ചെയ്ത തൈകൾ ലഭ്യമാക്കുക. ബഡ് ചെയ്ത തൈകൾ വേഗത്തിൽ വിളവ് ലഭിക്കാൻ സഹായിക്കും. സ്വന്തമായി 10 സെന്റിൽ അധികം സ്ഥലം ഉള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതിനൊപ്പം വളവും പഞ്ചായത്ത് വിതരണം ചെയ്യും. ഭാവിയിൽ കശുവണ്ടിയിൽ നിന്ന് മുല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റ് ആരംഭിക്കാനും ആലോചനയുണ്ട്.
മുൻകാലത്ത്, റബ്ബർ ഉൽപന്നങ്ങൾ വിപണി കീഴടക്കിയതോടെയാണ് കർഷകർ കശുമാവ് മുറിച്ചുമാറ്റി റബ്ബർ കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ, കശുവണ്ടിക്ക് നിലവിൽ വിപണിയിലുള്ള സ്ഥാനവും കൃഷിയുടെ കുറഞ്ഞ മുതൽ മുടക്കുമാണ് വീണ്ടും കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നത്. പഞ്ചായത്ത് ഇത് പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രസിഡണ്ട് വി ഹൈമാവതി പറഞ്ഞു