പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും ചീട്ടുകളി; കീഴല്ലൂരിൽ ചീട്ടുകളി സംഘം പോലീസ് പിടിയിൽ

കൂത്തുപറമ്പ്: കൂത്തുപറമ്പ് പൊലീസിനെ വെല്ലുവിളിച്ച് കീഴല്ലൂരിൽ ചീട്ടുകളി തുടർന്ന ചൂതാട്ട സംഘം പോലീസിൻ്റെ പിടിയിൽ. രണ്ട് ലക്ഷത്തോളം രൂപയുമായി നാല് പേരെയാണ് കീഴല്ലൂർ മുടക്കണ്ടി ക്രഷറിന് സമീപത്ത് നിന്ന് കൂത്തുപറമ്പ് സി.ഐ ബിനു മോഹനും സംഘവും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസം വലിയ വെളിച്ചത്തെ പൊലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട സംഘമാണ് പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും കീഴല്ലൂരിൽ കളി സംഘടിപ്പിച്ചത്. വലിയ വെളിച്ചെത്ത് നടന്ന പരിശോധനയിൽ ഒമ്പത് ലക്ഷം രൂപയുമായി 28 പേരെ പിടിച്ചിരുന്നു. കൂത്തുപറമ്പ് പാട്യം സ്വദേശിയായ രജീഷ് എന്ന ചക്കരയാണ് സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് പറഞ്ഞു. രജീഷ് ഉൾപ്പെടെയുള്ള അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
നിരീക്ഷണ സംവിധാനങ്ങളിൽ പൊലീസ് പരിസരത്ത് എത്തും മുന്നെ രക്ഷപ്പെടാനുള്ള സന്നാഹങ്ങളുമുണ്ടായിരുന്നു.
സർവ സന്നാഹങ്ങളും രക്ഷപ്പെടാനുള്ള പഴുതുളും അടച്ചായിരുന്നു പൊലീസ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധന. കളിക്കാനായി അന്യജില്ലകളിൽ നിന്നുവരെ ആളുകളെത്തുകയും പരാജയപ്പെട്ടവർ ഉള്ളതെല്ലാം കളിസ്ഥലത്ത് പണയപ്പെടുത്തി തിരികെ മടങ്ങേണ്ട അവസ്ഥയും ഉണ്ടാവാറുണ്ട്. പണയം സ്വീകരിച്ച് കളിക്കാരെ സഹായിക്കാനായി പ്രദേശത്ത് വട്ടി പലിശാക്കാരെയും സംഘം ഒരുക്കാറുണ്ട്. ചൊവ്വാഴ്ച പൊലീസ് പിടിയിലായവരിൽ അത്തരം വട്ടി പലിശക്കാരുമുണ്ടെന്നും പൊലീസ് പറഞ്ഞു.