കൂറ്റൻപാറ ഇളകിവീണ് അരോളിയിൽ വീടിന് നാശം

പാപ്പിനിശ്ശേരി: കനത്ത മഴയിൽ കുന്നിൻമുകളിൽനിന്ന് പാറയും മണ്ണും ഇടിഞ്ഞുവീണ് അരോളി വടേശ്വരം ശിവക്ഷേത്രത്തിന് സമീപം പി.വി.പ്രശാന്തിന്റെ വീടിന് സാരമായ നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് വലിയ ശബ്ദത്തോടെ പാറയും മണ്ണും വീടിന്റെ മുകളിലേക്ക് വീണത്. വീടിന്റെ ഒരു ഭാഗത്തെ മുറികളുടെ ജനൽച്ചില്ലുകൾ തകർന്ന് മണ്ണും ചെളിയും വീടിനകത്തേക്ക് കയറി. ഈ സമയം വീട്ടിൽ പ്രശാന്തും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, വില്ലേജ് ഓഫീസർ എ.മഹേഷ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്ക്.