കിണറ്റിനുള്ളില്‍ വീണ കുറുനരിക്കു മൂന്നാം ദിവസം മോചനം

തളിപ്പറമ്പ്: ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും കുറുനരിക്ക് മൂന്നാം ദിവസം വന്യജീവി സംരക്ഷകരുടെ ഇടപെടലില്‍ മോചനം. ആലക്കോട് അരങ്ങം കണ്ണാടിപ്പാറ ബസ് സ്‌റ്റോപ്പിന് സമീപം ചെട്ടിയവീട്ടില്‍ ശ്രീകുമാറിന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് ഇന്ത്യന്‍ ജാക്കല്‍ എന്നറിയപ്പെടുന്ന കുറുനരി 3 ദിവസങ്ങള്‍ക്ക് മുമ്പ് വീണത്. വിവരം ലഭിച്ചതിനെതുടര്‍ന്നു തളിപ്പറമ്പില്‍ നിന്നുള്ള വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവേഴ്‌സ് കൂട്ടായ്മ  പ്രവര്‍ത്തകരായ വിജയ് നീലകണ്ഠന്‍, രഗിനേഷ് മുണ്ടേരി, മനോജ് കാമനാട്ട്, ഷൈജിത്ത്, എം.അക്ഷയ് എന്നിവരെത്തിയാണ് കുറുനരിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കുറുനരി കിണറ്റില്‍ നിന്ന് ഓരിയിടുന്നത് കേട്ടാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്.  
ഇവര്‍ വിവരം അറിയിച്ചതിനെതുടര്‍ന്നു കണ്ണൂരില്‍ നിന്നുള്ള ഒരു സംഘമെത്തി ഇതിനെ കരക്ക് കയറ്റാന്‍ ശ്രെമിച്ചെങ്കിലും കിണറ്റിനുള്ളിലെ ഗുഹയില്‍ ഒളിച്ചതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ശ്രീകുമാര്‍ കോഴിയിറച്ചിയുടെ ഭാഗങ്ങള്‍ വാങ്ങി കൊണ്ട് വന്ന് കിണറ്റിലെ കുറുനരിക്കു ഭക്ഷണമായി നല്‍കി. ഇന്നലെ കണ്ണൂര്‍ വൈല്‍ഡ്‌ലൈഫ് റെസ്‌ക്യൂവേര്‍സിന്റെ  നേതൃത്വത്തിലുള്ള സംഘത്തിലെ രഗിനേഷ്  മുണ്ടേരി കിണറില്‍ ഇറങ്ങി കുറുനരിയെ കുരുക്കില്‍പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിയ കുറുനരി അല്പദൂരം ഓടിയ ശേഷം തിരിഞ്ഞു രക്ഷപ്രവര്‍ത്തകരെ നോക്കി പ്രത്യേക തരം ശബ്ദമുണ്ടാക്കിയ ശേഷം ഓടിമറഞ്ഞത് നാട്ടുകാര്‍ക്കും കൗതുകമായി. കണ്ടാല്‍ കുറുക്കന്‍ എന്ന് തോന്നുമെങ്കിലും വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂ 2 പാര്‍ട്ട്  2 ല്‍ ഉള്‍പ്പെടുന്ന കുറുനരിയെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.
     നാടന്‍ നായയുടെ വലിപ്പവും സാമ്യവുമുള്ള കുറുനരികള്‍ രാത്രി സഞ്ചരിക്കുന്ന ജീവികളാണ്. പകല്‍നേരങ്ങളില്‍ മണ്ണിലെ മാളങ്ങളിലും പാറയിടുക്കുകളിലും കുറ്റിക്കാടുകളിലും വിശ്രമിക്കും. ചിലപ്പോഴൊക്കെ രാത്രിയില്‍ ഓരിയിടാറുണ്ട്. നീട്ടി ഓരിയിടുന്നതിനാല്‍ ചിലയിടങ്ങളില്‍ ഊളന്‍ എന്ന പേരുമുണ്ട്.  എലി മുതലായ ചെറുജീവികളും പഴങ്ങളും അഴുകിയ മാംസാവശിഷ്ടങ്ങളും മറ്റുമാണ് കുറുനരിയുടെ ഭക്ഷണം. ഒറ്റരാത്രി കൊണ്ട് ഭക്ഷണം തേടി 12 മുതല്‍ 15 വരെ കിലോമീറ്റര്‍ ദൂരം കുറുനരികള്‍ സഞ്ചരിയ്ക്കാറുണ്ട്. പലസ്ഥലങ്ങളിലും മനുഷ്യന്‍മാര്‍ ജീവിയ്ക്കുന്നതിനോട് തൊട്ടുചേര്‍ന്ന് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിയ്ക്കാന്‍ കുറുനരികള്‍ക്ക് പ്രത്യേക കഴിവുണ്ട് . മനുഷ്യരെ കണ്ടാല്‍ സാധാരണയായി കുറുനരികള്‍ ഓടി മറയുകയാണ് പതിവെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: