പരിയാരത്ത് ക്ഷേത്രത്തില്‍ മോഷണം: ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്തു ഭണ്ഡാരങ്ങള്‍ കവര്‍ന്നു

പരിയാരം: ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് ഭണ്ഡാരങ്ങള്‍ കവര്‍ന്നു. കടന്നപ്പള്ളി ചിറ്റന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് പുറത്തെ ഒരു ഭണ്ഡാരവും അകത്ത് ശ്രീ കോവിലിന് സമീപത്തെ രണ്ട് ഭണ്ഡാരങ്ങളുമാണ് തകര്‍ത്ത് പണം കവര്‍ന്നത്. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വിഗ്രഹങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. സമീപത്തെ ക്ഷേത്ര ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാര തകര്‍ത്ത് സാധനസാമഗ്രികള്‍ വാരിവലിച്ചിട്ടു. ഓഫിസിലെ ടൂള്‍ ബോക്സില്‍ നിന്നും കട്ടിങ്പ്ലയര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു മോഷണം നടത്തിയതെന്ന് കരുതുന്നു. ഇന്ന് പുലര്‍ച്ചെ 5.30ഓടെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവര്‍ച്ച നടന്നത് കണ്ടത്. തുടര്‍ന്ന് ക്ഷേത്രം ക്ഷേത്രം ഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധിച്ചു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് സമീപകാലത്ത് ജയിലില്‍ നിന്നിറങ്ങിയതായി പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കുറച്ചു നാളുകളായി കോവിഡിന്റെ മറവില്‍ ക്ഷേത്രക്കുളവും സമീപത്തെ വയലുകളും കേന്ദ്രീകരിച്ചും സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം രൂക്ഷമായതായി ക്ഷേത്രം ഭാരവാഹികളും പരാതിപ്പെടുന്നു. പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: