വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയതെളിവുകള്‍; പാലത്തായി പീഡനകേസിൽ കുറ്റപത്രം സമർപ്പിച്ചു

പാലത്തായി പീഡനകേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതി പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയതെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡി.വൈ.എസ്.പി രത്നകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.

സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്‍റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. 2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്.

അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജനെ കാണാതായിരുന്നു. പിന്നീട് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നും പത്മരാജനെതിരെ പോക്സോ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.

അതിനിടെ, കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നും അതിനാൽ സി.ബി.ഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രതി പത്മരാജന്‍റെ ആവശ്യം. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പത്മരാജന്‍റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍, ഇത് സർക്കാര്‍ പരിഗണിച്ചിരുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: