മൻസൂർ വധക്കേസ് കുറ്റപത്രം സമർപ്പിച്ചു; അറസ്റ്റ് ചെയ്ത 10 പേരും സി.പി.എം പ്രവർത്തകർ

0



തലശ്ശേരി: മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽ പീടിക പാറാൽ മൻസൂറിനെ (20) കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വിരോധം മൂലം സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ്. ബോംബേറിൽ കാലിനു പരിക്കേറ്റ മൻസൂർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഏഴിനാണ് മരിച്ചത്. കേസിൽ സിപിഎം പ്രവർത്തകരായ 12 പ്രതികളാണുള്ളത്. 10 പ്രതികളെ അറസ്റ്റ് ചെയ്തു ഒരു പ്രതി ഒളിവിലാണ്. മറ്റൊരു പ്രതി സംഭവശേഷം മരിച്ചു. കൊലപാതകം നടന്നതിനു എൺപത്തി ഒമ്പതാം ദിവസമാണ് കുറ്റപത്രം നൽകിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമൻ തിങ്കളാഴ്ച വൈകീട്ടാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ, ആയുധനിയമം, അന്യായമായി സംഘംചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സ്ഫോടക വസ്തു കൈകാര്യം ചെയ്തതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. സ്ഫോടക വസ്തു കൊണ്ടു വന്നയാളെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഒന്നാംപ്രതി പുല്ലൂക്കര കുറുമ്പൻ കണ്ടിയിൽ കെ. കെ. ഷിനോസ് (30), മൂന്നാം പ്രതി പുല്ലൂക്കര യിലെ ഓചിറക്കൽ ഒതയോത്ത് ഹൗസിൽ കെ. സംഗീത് (22), നാലാം പ്രതി പുല്ലൂക്കരയിലെ നെല്ലയിൽ ഹൗസിൽ കെ. കെ ശ്രീരാഗ് (25), അഞ്ചാം പ്രതി മുക്കിൽ പീടിക കായത്തിന്റെ പറമ്പത്ത് ഹൗസിൽ കെ.പി സുഹൈൽ (32), ഏഴാം പ്രതി പുല്ലൂക്കര പുത്തൻപുരയിൽ പി. അശ്വന്ത് (29), പന്ത്രണ്ടാം പ്രതി പുല്ലൂക്കര ഓച്ചിറക്കൽ പീടിക ഒതെയോത്ത് ഹൗസിൽ ഒ. അനീഷ് (38), പതിമൂന്നാം പ്രതി മുക്കിൽ പീടിക നന്നാടത്ത് പീടിക എലി കൊത്തിന്റെവിട ഹൗസിൽ ഇ. കെ ബിജേഷ് (37), പതിനാലാം പ്രതി പുല്ലൂക്കരയിലെ
ഓചിറക്കൽപീടിക ഒതയോത്ത് ഹൗസിൽ വിപിൻ എന്ന കുട്ടപ്പൻ(28), മുണ്ടത്തോട് അണ കെട്ടിയ പറമ്പത്ത് എ.പി പ്രശോഭ് (35) എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട
രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ഏപ്രിൽ ആറിന് സി പി എം അനുഭാവികളായ ദാമോദരൻ സ്വരൂപ് എന്നിവരെ ലീഗ് പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്ന് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി അക്രമം നടത്തി.ഇതിൽ മൻസൂർ കൊല്ലപ്പെട്ടെന്നാണ് കേസ്. കേസിൽ അറസ്റ്റിലായ പ്രതികൾ മൂന്നുതവണ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. മൂന്നുതവണയും ജാമ്യാപേക്ഷ തള്ളി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading