തലശ്ശേരി സബ് കളക്ടറുടെ ഐ.എ.എസ് റദ്ദാക്കാൻ ശുപാർശ

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാൻ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ. ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചത്. ആസിഫ് ഐഎഎസ് നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണെന്ന പരാതിപരാതിയെ തുടർന്നാണ് നടപടി. പരീക്ഷ എഴുതുന്നതിനു മുൻപുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിൽ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിൻ്റെ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ മാത്രമേ ഒബിസി സംവരണം ലഭിക്കൂ എന്നാണ് മാനദണ്ഡം. എന്നാൽ പരീക്ഷയെഴുതുന്നതിനു തൊട്ടുമുൻപുള്ള മൂന്നു വര്‍ഷങ്ങളിലും ആസിഫിൻ്റെ കുടുംബത്തിന് ആറു ലക്ഷത്തിലധികം വരുമാനമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണയന്നൂരിലെ തഹസിൽദാര്‍മാര്‍ക്കെതിരെയും നടപടിയ്ക്ക് ശുപാര്‍ശയുണ്ട്.

ഐഎഎസ് പരീക്ഷയെഴുതുന്നതിനു മുൻപായി ആസിഫ് കെ യൂസഫ് ഹാജരാക്കിയ വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കം വ്യാജമാണെന്നായിരുന്നു പരാതി. ഇക്കാര്യം അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കേന്ദ്ര പേഴ്സണൽ മന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിൻ്റെ ഒബിസി സര്‍ട്ടിഫിക്കറ്റും റദ്ദാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷൻ നിയമത്തിലെ ചട്ടം 12 പ്രകാരമായിരിക്കും ആസിഫിനെതിരെയുള്ള നടപടി.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: