ജിഎൻപിസി ഫേസ്ബുക്ക് കൂട്ടായ്മക്കെതിരേ നടപടിക്ക് എക്സൈസ് വകുപ്പ്

കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന

ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരേ എക്സൈസ് വകുപ്പ് നടപടിക്കൊരുങ്ങുന്നു. ജിഎൻപിസി ഫേസ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശം നല്കിയതായി എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് ദീപികയോട് പറഞ്ഞു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകളിൽ എക്സൈസ് വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാൻ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം. എന്നാൽ ഈ വാദം മദ്യവിരുദ്ധ സംഘടനകൾ തള്ളുകയാണ്. ജിഎൻപിസി എന്ന കൂട്ടായ്മയിൽ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവർ ആരോപിക്കുന്നു. ഫേസ്ബുക്ക് പേജിനെതിരേ നിയമനടപടികൾക്കും മദ്യനിരോധന സംഘടനകൾ നീക്കം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങൾ കൂട്ടായ്മ വഴി പ്രചരിക്കുന്നത്. 2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില് 17 ലക്ഷം അംഗങ്ങൾ നിലവിലുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എല് അജിത്ത്കുമാറാണ് ഗ്രൂപ്പ് അഡ്മിൻ.
കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎൻപിസിയെന്ന് അജിത്ത് കുമാർ അടുത്തിടെ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജിഎൻപിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ജിഎൻപിസി കൂട്ടായ്മയിലെ അംഗങ്ങൾക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് ശതമാനം വിലക്കുറവിൽ മദ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്.
23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാർഥികൾ തന്നെയാണു ഗ്രൂപ്പിൽ ഭൂരിഭാഗവും. വിവിധ രാജ്യങ്ങളില് ജീവിക്കുന്ന മലയാളികള് ഇപ്പോള് ജിഎന്പിസിയില് അംഗങ്ങളാണ്. കേരളത്തിലെ കളളുഷാപ്പിലെ വിശേഷങ്ങള് മുതല് അമേരിക്കയിലേയും യൂറോപ്പിലേയും വന്കിട മദ്യശാലകളിലെ വിശേഷങ്ങളും ഗള്ഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎന്പിസിയില് ഷെയര് ചെയ്യപ്പെടുന്നു. ഗ്രൂപ്പിൽ അംഗങ്ങൾ ഇടുന്ന പോസ്റ്റുകൾ അഡ്മിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ പരസ്യമാകൂ.

error: Content is protected !!
%d bloggers like this: